തിരുവനന്തപുരം :- സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളിൽ നിരോധിച്ച നിറങ്ങളും കീടനാശിനികളും വ്യാപകം. ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റ് 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ ശേഖരിച്ച സാംപിളുകളിലാണു മാരകമായ അളവിൽ രാസവസ്തുക്കൾ കണ്ടെത്തിയത്. കൃത്രിമ ഭക്ഷ്യനിറങ്ങൾ, കീടനാശിനികൾ, പ്രിസർവേറ്റീവുകൾ, മാലിന്യങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. അനുവദനീയമായതിന്റെ 3500 - ശതമാനത്തിലധികം കീടനാശിനി സാന്നിധ്യം കണ്ടെത്തിയ ഭക്ഷ്യവസ്‌തുക്കളുണ്ടെന്നത് ഞെട്ടിക്കുന്ന വിവരമാണ്. 650 ലേറെ സാംപിളുകളാണ് ആകെ പരിശോധിച്ചത്. പനഞ്ചക്കര, കരിമ്പ് ശർക്കര എന്നിവയിൽ നേരിയസാന്നിധ്യം പോലും ഭക്ഷണത്തെ വിഷമാക്കുന്ന റോഡമിൻ ബി എന്ന വ്യവസായ ആവശ്യങ്ങൾക്കുള്ള ഡൈ കണ്ടെത്തി.
അർബുദത്തിനു കാരണമാകുന്ന അമരാന്ത് എന്ന രാസവസ്തു റോസ്ബെറി, ബീഫ് ചില്ലി, ഉണക്കിയ പ്ലം എന്നിവയിലും ഓറഞ്ച് 2 എന്ന വസ്തു ചുവന്ന പരിപ്പ്, നാരങ്ങ അച്ചാർ എന്നിവയിലും സുഡാൻ, 1, 3, 4 എന്നിവ നാടൻ മുളകുപൊടി, മുളകുപൊടി എന്നിവയിലും കണ്ടെത്തി.വിവിധതരം മിക്സ്‌ചർ, പ്ലം കേക്ക്, ഏത്തക്ക ഉപ്പേരി, മുളകുപൊടി, കശ്‌മീരി മുളകുപൊടി, തയാറാക്കിയ ചിക്കൻ, മന്തി, അൽഫാം വിഭവങ്ങൾ, ശർക്കര, മല്ലിപ്പൊടി, മുഴുവൻ മല്ലി എന്നിവയിൽ രാസവസ്‌തുക്കളുടെ സാന്നിധ്യം ആവർത്തിച്ചു കണ്ടെത്തിയിട്ടുണ്ടെന്നാണു റിപ്പോർട്ട്.
ഭക്ഷ്യ സാംപിളുകളിൽ ഏറ്റവും വ്യാപകമായി കണ്ടെത്തിയ മായം ടാർട്ര് സിൻ എന്ന കൃത്രിമ ഭക്ഷ്യനിറമാണ്. 140 സാംപിളുകളിലാണ് ഇവയുടെ സാന്നിധ്യമുള്ളത്. മറ്റു നിറങ്ങളുമായി ചേർത്ത നിലയിലായിരുന്നു ഇത്. നിരോധിക്കപ്പെട്ട സൺസെറ്റ് യെലോ എഫ്‌സിഎഫ് എന്ന ഭക്ഷ്യനിറം 106 സാംപിളുകളിൽ കണ്ടെത്തി. ക്ലോർ പൈറിഫോസ്-ഈഥൈൽ ആണ് -ഏറ്റവും കൂടുതൽ തവണ (46) കണ്ടെത്തിയ കീടനാശിനി. ടെബുകൊന സോൾ (34), ഡിഫെനോകൊന സോൾ (30) എന്നിവയും വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്.