കേരളത്തിലോടുന്ന ട്രെയിനുകളിൽ ഉൾപ്പടെ 11535 കോച്ചുകളിൽ സിസിടിവി സ്ഥാപിച്ചു ; വമ്പൻ പരിഷ്‌കരണം സാധ്യമാക്കി ഇന്ത്യൻ റെയിൽവെ


ദില്ലി :- യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി വമ്പൻ പരിഷ്‌കരണവുമായി ഇന്ത്യൻ റെയിൽവെ. ഇതിനോടകം രാജ്യത്ത് സർവീസ് നടത്തുന്ന ട്രെയിനുകളിലെ 11535 കോച്ചുകളിൽ സിസിടിവികൾ സ്ഥാപിച്ചു. ഇതിൽ 1149 എണ്ണം കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവെ സോണിലാണ്. വെസ്റ്റേൺ റെയിൽവെ സോണിൽ 1679 സിസിടിവികളും മധ്യ റെയിൽവെ സോണിൽ 1320 സിസിടിവികളും ഈസ്റ്റേൺ റെയിൽവെ സോണിൽ 1131 സിസിടിവികളും നോർത്തേൺ റെയിൽവെ സോണിൽ 1125 സിസിടിവികളും സ്ഥാപിച്ചിട്ടുണ്ട്. പാർലമെൻ്റിൽ കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവാണ് എംപിമാരുടെ ചോദ്യത്തിന് മറുപടിയായി ഈ കണക്കുകൾ വെളിപ്പെടുത്തിയത്. 

രാജ്യത്ത് സർവീസ് നടത്തുന്ന ട്രെയിനുകളിലെ 74000 കോച്ചുകളിലും 15000 ലോക്കോമോട്ടീവുകളിലും സിസിടിവികൾ ഇനി സ്ഥാപിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഓരോ കോച്ചിലും നാല് വീതം സിസിടിവികളാണ് സ്ഥാപിക്കുന്നത്. ഓരോ എൻട്രൻസിലും രണ്ട് വീതം ക്യാമറകളാണ് സ്ഥാപിക്കുക. അതേസമയം ഓരോ ലോക്കോമോട്ടീവിലും ആറ് സിസിടിവി ക്യാമറകൾ വീതം സ്ഥാപിക്കാനാണ് തീരുമാനം. മണിക്കൂറിൽ നൂറ് കിലോമീറ്ററോ അതിലധികമോ വേഗതയിലോടുന്ന ട്രെയിനുകളിൽ നിന്നും ഏറ്റവും ദൃശ്യമികവോടെയുള്ള കാഴ്ചകൾ പകർത്താനാവുന്നതാണ് ഈ സിസിടിവികൾ. അതേസമയം യാത്രക്കാരുടെ സ്വകാര്യതയ്ക്ക് ഇത് വെല്ലുവിളിയാകില്ലെന്നും പ്രവേശന കവാടങ്ങളിൽ മാത്രമേ ഇവ സ്ഥാപിക്കൂവെന്നും റെയിൽവെ മന്ത്രി വിശദീകരിച്ചിട്ടുണ്ട്.

ലോക്‌സഭയിൽ എംപിമാരായ ചവൻ രവീന്ദ്ര വസന്തറാവു, മനീഷ് ജയ്‌സ്വാൾ എന്നിവരാണ് ഇത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്. ഓരോ റെയിൽവെ സോൺ തിരിച്ച് സ്ഥാപിച്ച സിസിടിവി ക്യാമറകളുടെ എണ്ണം ഇവർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ കൂടുതൽ റെയിൽവെ കോച്ചുകളിൽ ക്യാമറകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നും ചോദ്യമുണ്ടായിരുന്നു. ഇതിനെല്ലാമുള്ള മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇത് പ്രകാരം വെസ്റ്റേൺ റെയിൽവെ സോണിലാണ് ഏറ്റവും കൂടുതൽ ക്യാമറകൾ സ്ഥാപിച്ചത്, 1679. ഏറ്റവും കുറവ് ക്യാമറകൾ (266) വെസ്റ്റേൺ സെൻട്രൽ റെയിൽവെ സോണിലുമാണ് സ്ഥാപിച്ചിരിക്കുന്നത്.

Previous Post Next Post