കണ്ണൂർ :- കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ വാഹനാപകടങ്ങൾക്ക് കാരണമാകുന്ന തരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടുന്നതിന് രാത്രികാല സ്ക്വാഡ് പ്രവർത്തിക്കുന്നുണ്ടെന്ന് കോർപ്പറേഷൻ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കോർപ്പറേഷൻ പരിധിയിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജൂഡിഷ്യൽ അംഗം കെ ബൈജൂനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.
ഏകദേശം 27 കന്നുകാലികളെ പിടിച്ചുകെട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു. എ. ബി. സി പദ്ധതിക്കായി എല്ലാ വർഷവും 5 ലക്ഷം രൂപ വീതം ജില്ലാ പഞ്ചായത്തിന് നൽകുന്നുണ്ട്. പരാതി ലഭിച്ചാൽ ഫീൽഡ് പരിശോധന നടത്തി തെരുവുനായ്ക്കക്കൾക്ക് വന്ധ്യംകരണ കുത്തിവയ്പ്പ് നൽകുന്നുണ്ട്. കോർപ്പറേഷൻ പരിധിയിലെ തകർന്ന റോഡുകൾ നന്നാക്കാൻ വാർഷികപദ്ധതിയിൽ ഫണ്ട് വകയിരുത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റോഡിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ കാരണം അപകടങ്ങൾ വർധിക്കുകയാണെന്ന് പരാതിക്കാരനായ കടലായി സ്വദേശി ജംഷാദ് പരാതിയിൽ പറഞ്ഞു.