കരിപ്പൂർ :- ഹജ് നറുക്കെടുപ്പ് പൂർത്തിയായപ്പോൾ കേരളത്തിന്റെ കാത്തിരിപ്പു പട്ടികയിൽ 18,588 പേർ. മുൻഗണനാ പട്ടികയിൽ അവസരം ലഭിക്കാനുള്ള 976 പേരും ജനറൽ വിഭാഗത്തിലെ 17,612 പേരുമാണ് പട്ടികയിലുള്ളത്. മെഹ്റം (ആൺതുണ) ഇല്ലാത്ത സ്ത്രീകളുടെ വിഭാഗത്തിലുള്ള 58 പേരും കഴിഞ്ഞ വർഷം അവസരം ലഭിക്കാത്ത 918 പേരും ഉൾപ്പെടെയാണ് മുൻഗണനാ വിഭാഗത്തിലെ 976 അപേക്ഷകർ.
ഇവർക്ക് അവസരം ലഭിച്ച ശേഷമായിരിക്കും ജനറൽ കാറ്റഗറിയിൽ നിന്നു പരിഗണിക്കുക. 27,118 അപേക്ഷകരാണു കേരളത്തിലുള്ളത്. ഒരു ലക്ഷം സീറ്റുകളാണ് ഇന്നലെ വീതിച്ചു നൽകിയത്. അതനുസരിച്ച് 8530 സീറ്റുകളാണു കേരളത്തിനു ലഭിച്ചത്. ശേഷിക്കുന്ന കാൽ ലക്ഷത്തോളം സീറ്റുകൾ കൂടി വീതിക്കുമ്പോൾ കാത്തിരിപ്പു പട്ടികയിലുള്ള കൂടുതൽ പേർക്ക് അവസരം ലഭിക്കുമെന്നാണു പ്രതീക്ഷ.