കണ്ണൂർ :- കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്ക് 26-ന് തുടക്കമാവും. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ചച്ചന്തകൾ സെപ്റ്റംബർ നാല് വരെയാണ്. ആറ് ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും 139 സഹകരണ സംഘങ്ങളിലുമായി 145 കേന്ദ്രങ്ങളിലാണ് ജില്ലയിൽ ഓണച്ചന്തകൾ ആരംഭിക്കുന്നത്. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവര പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.
ദിനേശ്, റെയ്ഡ്കോ, മിൽമ തുടങ്ങിയ വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും പ്രത്യേകം വിലക്കുറവിൽ ലഭിക്കും. നോൺ സബ്സിഡി ഇനങ്ങൾക്ക് 10 മുതൽ 40 ശതമാനം വരെ വിലക്കുറവുണ്ട്. ത്രിവേണി ബ്രാൻഡിൽ കൺസ്യൂമർഫെഡ് നേരിട്ട് വിപണിയിൽ ഇറക്കുന്ന തേയില, ആട്ട, മൈദ, റവ, അരിപ്പൊടി, മസാലപ്പൊടി, ബിരിയാണി അരി, വെല്ലം, സേമിയ, പാലട, അരിയട എന്നിവയും വിലക്കുറവിൽ ലഭ്യമാകും.
ഒരു ദിവസം 75 പേർക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകും. തിരക്ക് ഒഴിവാക്കാൻ സമയം എഴുതിയ കൂപ്പൺ നൽകും. റേഷൻ കാർഡ് മുഖേനെ നിയന്ത്രണ വിധേയമായാണ് സാധനങ്ങളുടെ വിതരണം.
കൂടാതെ ത്രിവേണി വഴി നോൺ സബ്സിഡി ഉത്പന്നങ്ങൾ വാങ്ങുന്ന ഓരോ ഉപഭോക്താവിനും ഓണനാളിൽ പ്രത്യേക ഓഫറുകളും സമ്മാനങ്ങളും ഉണ്ടാവും. കൺസ്യൂമർ ഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റുകൾ, സഹകരണ സ്റ്റോറുകൾ, പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, പട്ടികജാതി, പട്ടികവർഗ സംഘങ്ങൾ, മത്സ്യ സഹകരണ സംഘങ്ങൾ, വനിത സഹകരണ സൊസൈറ്റി തുടങ്ങി വിവിധ മേഖലകളിലെ സഹകരണ സ്ഥാപനങ്ങളാണ് ഓണ ചന്തകൾ ആരംഭിക്കുന്നത്.