യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി ; മകൾക്ക് പിന്നാലെ അമ്മയും അറസ്റ്റിലായി


തൃശൂർ :- യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് തൃശ്ശൂർ എടവിലങ്ങ് സ്വദേശികളായ മൂന്ന് പേരിൽ നിന്നും 6.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എടവിലങ്ങ് കാര പുതിയ റോഡ് ചള്ളിയിൽ വീട്ടിൽ ശ്യാമള (59) യെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇവരുടെ മകൾ സായ (29) അറസ്റ്റിലായിരുന്നു.

മകൾ സായ നടത്തിയ തട്ടിപ്പ് കേസിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് വ്യക്തമായതിന് പിന്നാലെയാണ് ശ്യാമളയെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്‌തു. സായയും റിമാന്റ്റിൽ കഴിയുകയാണ്. കൊടുങ്ങല്ലൂർ, മതിലകം, മാള, ഇരിങ്ങാലക്കുട, കാട്ടൂർ, വെള്ളിക്കുള്ളങ്ങര പൊലീസ് സ്റ്റേഷനുകളിലായി യുകെയിലേക്ക് വീസയും ജോലിയും വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ഇവർ പണം തട്ടിയിരുന്നു. ഇത്തരത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന് സായയുടെ പേരിൽ ഒമ്പത് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്‌തിരുന്നു. സായ നടത്തിയ തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് ശ്യാമളയെയും അറസ്റ്റ് ചെയ്തത്.

കൊടുങ്ങല്ലൂർ പൊലീസ് ഇൻസ്പെക്ടർ 4 ബി കെ അരുണിൻ്റെ നേതൃത്വത്തിലാണ് പരാതികളിൽ അന്വേഷണം നടത്തിയത്. എസ്ഐമാരായ കെ സാലിം, കശ്യപൻ, ഷാബു എന്നിവരും എ എസ് ഐമാരായ രാജീവ്, അസ്മാബി എന്നിവരും ഉൾപ്പെട്ട പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.

Previous Post Next Post