കോഴിക്കോട് :- വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ ബസ്സിന് മുന്നില്‍ കിടന്ന് ബസ് തടഞ്ഞ് ഹോം ഗാര്‍ഡ് ഉദ്യോഗസ്ഥന്‍. കോഴിക്കോട് കുന്നമംഗലം കാരന്തൂരിലാണ് നാട്ടുകാരെയും വിദ്യാര്‍ത്ഥികളെയും ഒരുപോലെ ആശ്ചര്യപ്പെടുത്തിയ സംഭവ വികാസങ്ങളുണ്ടായത്. ഇന്നലെ വൈകീട്ട് 4.40ഓടെ കാരന്തൂര്‍ മര്‍ക്കസ് ബസ് സ്‌റ്റോപ്പിന് സമീപത്തായിരുന്നു സംഭവം. വിദ്യാര്‍ത്ഥികളെ കയറ്റി മാത്രം പോയാല്‍ മതിയെന്ന പൊലീസിന്റെ നിര്‍ദേശം അവഗണിച്ച് മുന്നോട്ടെടുത്ത ബസിന് മുന്‍പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് നാഗരാജ് കിടക്കുകയായിരുന്നു. ഇതോടെ ബസ്സുകാര്‍ക്ക് മുന്‍പോട്ട് നീങ്ങാന്‍ കഴിയാതായി. നിര്‍ത്താതെ ഹര്‍ഷാരവം മുഴക്കിയാണ് നാട്ടുകാരും വിദ്യാര്‍ത്ഥികളും നാഗരാജിന്റെ ഈ പ്രവൃത്തിയെ സ്വീകരിച്ചത്.
കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന നിയ എന്ന ബസ്സാണ് വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകാന്‍ ശ്രമിച്ചത്. ഇവിടെ വിദ്യാര്‍ത്ഥികളെ അവഗണിക്കുന്ന ബസ് ജീവനക്കാരുടെ നടപടിക്കെതിരെ നിരവധി പരാതികള്‍ ട്രാഫിക് സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്. തുടര്‍ന്നാണ് ട്രാഫിക്ക് പൊലീസ് ഇവിടെ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുക്കണമെന്ന് വിദ്യാര്‍ത്ഥികളും നാട്ടുകാരും ആവശ്യപ്പെട്ടു.