സംസ്ഥാനതല കൈത്തറി വസ്ത്ര കരകൗശല പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കമായി



കണ്ണൂർ:-ഓണം വിപണന മേളയുടെ ഭാഗമായി സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സംസ്ഥാനതല കൈത്തറി വസ്ത്ര കരകൗശല പ്രദര്‍ശന വിപണനം 'ഹത്കര്‍ഘ മേള 2025' ന് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ തുടക്കമായി. രജിസ്‌ട്രേഷന്‍, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കണ്ണൂരിലെ കൈത്തറിയെപ്പോലെ സൗന്ദര്യവും ഗുണവും ഉള്ള മറ്റൊരു തുണിത്തരമില്ലെന്നും കൈത്തറി മേഖല നമ്മുടെ നിത്യജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നതാണെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി തീം പവലിയന്‍ ഉദ്ഘാടനം ചെയ്തു. 

കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഫോര്‍ ഹാന്‍ഡ് ലൂം ആന്‍ഡ് ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടുകൂടി നടത്തുന്ന മേളയില്‍ കേരളത്തിന്റെ ഹാന്‍വീവ്, ഹാന്റക്‌സ് ഉള്‍പ്പെടെയുള്ള 46 കൈത്തറി സംഘങ്ങളും ജമ്മു കാശ്മീര്‍, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 22 കൈത്തറി സംഘങ്ങളുടേതടക്കം 68 സ്റ്റാളുകളുണ്ട്. കണ്ണൂര്‍ ഫര്‍ണിഷിംഗ്, കോട്ടണ്‍ സാരികള്‍, സെറ്റുമുണ്ടുകള്‍, ദോത്തികള്‍, കൈലികള്‍, മേശവിരികള്‍, ടവല്‍, ഫ്‌ളോര്‍ മാറ്റുകള്‍ തുടങ്ങിയ വ്യത്യസ്തമായ കൈത്തറി ഉല്‍പന്നങ്ങളാണ് മേളയില്‍ സജ്ജീകരിച്ചിരിക്കുന്നത്. 20 ശതമാനം ഗവ. റിബേറ്റും ഉണ്ട്. ദിവസേന ആയിരം രൂപയുടെ തുണിത്തരങ്ങള്‍ വാങ്ങുന്ന മൂന്നുപേര്‍ക്ക് നറുക്കെടുപ്പിലൂടെ റിബേറ്റ് കഴിച്ച് 1000 രൂപയുടെ തുണിത്തരങ്ങള്‍ സമ്മാനമായി നല്‍കും. മേളയുടെ ഭാഗമായി കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് മുതല്‍ മൈതാനം വരെ വിളംബര ഘോഷയാത്ര നടത്തി. 

 കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍, ഹാന്‍വീവ് ചെയര്‍മാന്‍ ടി.കെ ഗോവിന്ദന്‍ മാസ്റ്റര്‍, കണ്ണൂര്‍ കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് ബാബു എളയാവൂര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ് അജിമോന്‍, വീവേഴ്‌സ് സര്‍വീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എം ആനന്ദന്‍, എന്‍ എച്ച് ഡി സി സീനിയര്‍ ഓഫീസര്‍ പി ജിബിന്‍, സംസ്ഥാന കൈത്തറി നെയ്ത്ത് തൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി താവം ബാലകൃഷ്ണന്‍, സംസ്ഥാന വീവേഴ്‌സ് സൊസൈറ്റീസ് അസോസിയേഷന്‍ പ്രസിഡന്റ്  കൊല്ലോം മോഹനന്‍, ഹാന്‍ഡ് ലൂം ലേബര്‍ യൂണിയന്‍ പ്രസിഡന്റ് ഡോ. ജോസ് ജോര്‍ജ് പ്ലാത്തോട്ടം, വീവേഴ്‌സ് സര്‍വീസ് സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അന്‍പുശെല്‍വന്‍ എന്നിവര്‍ പങ്കെടുത്തു. മേള സെപ്റ്റംബര്‍ നാലിന് അവസാനിക്കും.

Previous Post Next Post