ന്യൂഡൽഹി :- ഗവർണർമാർ ബില്ലുകളിൽ തീരുമാനമെടുക്കാതെ ദീർഘകാലം വൈകിച്ചാൽ അതിന് എന്താണു പരിഹാരമെന്നു സുപ്രീം കോടതി ആരാഞ്ഞു.തമിഴ്നാട് ഗവർണറുടെ തീരുമാനത്തിലല്ല, നിയമത്തെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാടു മാത്രമാണു തങ്ങൾ പ്രകടിപ്പിക്കുന്നതെന്നും കോടതി വ്യക്തമാക്കി. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കുന്നതിനുള്ള സമയപരിധിയുമായി ബന്ധപ്പെട്ട് നിലപാടു തേടി രാഷ്ട്രപതി ദ്രൗപദി മുർമു നൽകിയ പ്രസിഡൻഷ്യൽ റഫറൻസിൽ വാദം കേൾക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം ആരാഞ്ഞത്.
കേന്ദ്രത്തിനു വേണ്ടി വാദമുയർത്തിയ അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി സമയപരിധി നിശ്ചയിച്ച കോടതി നിലപാടിനെ എതിർത്തപ്പോഴാണു സുപ്രീംകോടതി മറ്റെന്താണു മാർഗമെന്ന് ആരാഞ്ഞത്. 'അത്തരമൊരു ഉത്തരവ് പാസാക്കാൻ കഴിയുമോ എന്നു കോടതി പരിശോധിക്കേണ്ടതുണ്ട്. വസ്തുതാപരമായി ശരിയും പല വിശദീകരണങ്ങളും ഉണ്ടെങ്കിൽ പോലും. ഗവർണർ ബില്ലുകൾ എന്തുകൊണ്ടു വൈകിക്കുന്നു എന്നതിനും വിശദീകരണമുണ്ട്. ഭരണഘടനയുടെ 142-ാം വകുപ്പ് നൽകുന്ന അധികാരത്തെക്കുറിച്ചാണു ഞങ്ങൾ സംസാരിക്കുന്നത്' - അറ്റോർണി ജനറൽ പറഞ്ഞു.
'2020ൽ നിയമസഭ പാസാക്കിയ ബിൽ ഇപ്പോഴും തീർപ്പാക്കാത്തതു പോലുള്ള ഒരു സാഹചര്യമുണ്ടായാൽ ഭരണഘടനാ കോടതി എന്തു ചെയ്യണം. കോടതിക്കു തെറ്റുപറ്റിയെന്നാണു നിങ്ങളുടെ അഭിപ്രായമെങ്കിൽ ഈ സാഹചര്യം കൈകാര്യം ചെയ്യാൻ ഭരണഘടനാപരമായി അനുവദനീയമായ മാർഗം എന്താണ്' - ജഡ്ജിമാരായ സൂര്യകാന്ത്, വിക്രംനാഥ്, പി.എസ് നരസിംഹ, എ.എസ് ചന്ദുക്കർ എന്നിവർ കൂടി ഉൾപ്പെട്ട ഭരണഘടനാ ബെഞ്ച് ആരാഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ പോലും ഗവർണറുടെ ചുമതല ഏറ്റെടുക്കാനും ബില്ലുകൾക്ക് അനുമതി നൽകാനും കോടതിക്കു കഴിയില്ലെന്നു അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി മറുപടി നൽകി.