കണ്ണൂർ :- പ്ലാസ്റ്റിക് ക്യാരിബാഗ്, നിരോധിത പേപ്പർ കപ്പുകൾ തുടങ്ങിയവ ഓണവിപണിയിൽ എത്തുന്നത് തടയാൻ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന ശക്തമാക്കും. ഓണത്തിൻ്റെ ഭാഗമായി താത്കാലികമായി പ്രവർത്തിക്കുന്ന കടകളിലും മറ്റു സ്ഥാപനങ്ങളിലും ജൈവ, അജൈവ മാലിന്യം സൂക്ഷിക്കാനുള്ള കൊട്ടകൾ നിർബന്ധമായും സ്ഥാപിക്കണം. അവയിൽ തരംതിരിച്ചുതന്നെ മാലിന്യം തള്ളുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ക്യാരിബാഗുകളോ മറ്റ് നിരോധിത ഉത്പന്നങ്ങളോ ഉപയോഗിക്കാൻ പാടില്ല. ഇത്തരം നിരോധിത, ഒറ്റത്തവണ ഉപയോഗ വസ്തുക്കൾ ഉപയോഗിക്കുകയോ, സൂക്ഷിക്കുകയോ കടത്തുകയോ ചെയ്താൽ എത്ര കുറഞ്ഞ അളവിലായാലും 10000 രൂപ പിഴ ചുമത്തി പിടിച്ചെടുക്കും.
സ്റ്റേഷനറി ഉത്പന്നങ്ങൾ, ഭക്ഷ്യ ഉത്പന്നങ്ങൾ തുടങ്ങിയവ ചെറുകിട വ്യാപാരികൾക്ക് വിതരണം ചെയ്യുന്ന വാഹനങ്ങളിൽ നിരോധിത പ്ലാസ്റ്റിക് കവറുകൾ, 300 മില്ലി നിരോധിത വെള്ളക്കുപ്പികൾ ഉൾപ്പെടെയുള്ളവ വിതരണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പറഞ്ഞു. അത്തരം വാഹനങ്ങൾ പിടിച്ചെടുത്ത് 10000 രൂപ പിഴ ചുമത്തി കണ്ടുകെട്ടാനുള്ള നടപടി സ്വീകരിക്കും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് പകരം തുണിസഞ്ചിയോ കടലാസ് സഞ്ചിയോ ബയോക്യാരിബാഗുകളോ ഉപയോഗിക്കണം.
ഓണാഘോഷത്തിന്റെ ഭാഗമായി ഒറ്റത്തവണ പേപ്പർകപ്പുകൾ ഉപയോഗിക്കരുത്. സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിൽ നടക്കുന്ന പരിപാടികളിൽ ഹരിത പെരുമാറ്റച്ചട്ടത്തിന് വിപരീതമായി ബയോകപ്പുകൾ, പ്ലാസ്റ്റിക് പൂക്കൾ തുടങ്ങിയ ഒറ്റത്തവണ ഉപയോഗ വസ്തുക്കൾ ഉണ്ടെങ്കിൽ പിഴ ചുമത്തി നടപടി സ്വീകരിക്കുമെന്ന് ജില്ലാ എൻഫോഴ്സ്മെന്റ് നോഡൽ ഓഫീസർ കെ.എം സുനിൽകുമാർ അറിയിച്ചു.