തിരുവനന്തപുരം :- മെഡിസെപ്പിനു കീഴിലെ കാഷ്‌ലെസ് സംവിധാനം നിർത്തലാക്കില്ലെന്നും പദ്ധതിയിൽ നിന്ന് ആരെയും ഒഴിവാക്കില്ലെന്നും മന്ത്രി കെ.എൻ ബാലഗോപാൽ. 11 ലക്ഷത്തോളം പേരാണ് പദ്ധതിയിൽ അംഗങ്ങളായുള്ളത്. ഇത്രത്തോളം ഗുണഭോക്താക്കളുള്ളതാണ് ഇൻഷുറൻസ് കമ്പനികളെ പദ്ധതിയിലേക്ക് ആകർഷിക്കുന്നത്. സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വിട്ടുനിൽക്കാൻ അനുവദിച്ചാൽ പദ്ധതി അനാകർഷകമാകും.
പെൻഷൻകാർക്ക് ഇത്രയും കുറഞ്ഞ ചെലവിൽ മറ്റൊരിടത്തും ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. പ്രീമിയം തുക 500 രൂപയിൽ നിന്ന് 750 രൂപയാക്കി ഉയർത്തിയത് പദ്ധതി നിലനിർത്തുന്നതിനു വേണ്ടിയാണ്. ആശുപത്രികളുടെ എണ്ണവും ലഭിക്കുന്ന ചികിത്സകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ തവണ മെഡിസെപ് കരാർ ഏറ്റെടുത്ത കമ്പനി നഷ്ടം സഹിച്ചാണ് മുന്നോട്ടു പോയത്. എന്നിട്ടും പരാതികളിൽ 97% പരിഹരിക്കാൻ കഴിഞ്ഞു. സഹകരണ, പൊതുമേഖലകളിലെ ജീവനക്കാർ കൂടി പദ്ധതിയുടെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു.