പേരിടലിനും ചോറൂണിനുമൊക്കെ തടവുകാർക്ക് പരോൾ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി


കൊച്ചി :- പിറന്നാളിനും കുഞ്ഞിന്റെ പേരിടലിനും ചോറൂണിനും ഒക്കെ തടവുകാർക്കു കോടതി അടിയന്തര പരോൾ അനുവദിക്കാൻ തുടങ്ങിയാൽ ജനങ്ങൾക്കു ജുഡീഷ്യറിയിൽ വിശ്വാസം നഷ്ടപ്പെടുമെന്നു ഹൈക്കോടതി. കുറ്റവാളിയെ സംബന്ധിച്ച് ജയിലിന്റെ ചുമരുകൾ ശാരീരിക തടവറ മാത്രമല്ല, പൗരൻ്റെ മൗലികാവകാശങ്ങൾ സസ്പെൻഡ് ചെയ്യപ്പെടുന്നതിന്റെ പ്രതീകം കൂടിയാണ്. കോടതികൾ അടിയന്തര പരോൾ അനുവദിക്കണമെങ്കിൽ അസാധാരണ സാഹചര്യം ഉണ്ടാകണമെന്നു കോടതി പറഞ്ഞു.

തന്റെ ഗർഭ പരിചരണത്തിനു വേണ്ടി ഭർത്താവിന് അടിയന്തര പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തടവുകാരന്റെ ഭാര്യയായ കണ്ണൂർ സ്വദേശിനി നൽകിയ ഹർജി തള്ളിയാണു ജസ്റ്റി സ് പി.വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. ഹർജിക്കാരിയുടെ ഭർത്താവ് കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. 42 കഴിഞ്ഞ ഹർജിക്കാരി ഐവിഎഫ് ചികിത്സയിലൂടെയാണു ഗർഭം ധരിച്ചത്. രണ്ടു മാസം ഗർഭിണിയാണെന്നും പരിചരിക്കാൻ മറ്റാരുമില്ലെന്നും കാണിച്ച് വിയ്യൂർ ജയിൽ സൂപ്രണ്ടിനു നൽകിയ അപേക്ഷ നിരസിച്ച സാഹചര്യത്തിലാണു കോടതിയിലെത്തിയത്.

Previous Post Next Post