കൊളച്ചേരി :- കൊളച്ചേരി ഊട്ടുപുറം പാടിയിൽ ഭാഗത്ത് റോഡരികിൽ ഡയപ്പർ മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. ചാക്കിൽ നിറച്ച നിലയിലാണ് ഡയപ്പർ മാലിന്യം തള്ളിയിരിക്കുന്നത്. ചാക്കിൽ കെട്ടി തള്ളിയ മാലിന്യം നായകളോ മറ്റോ കടിച്ച് റോഡിൽ ചിതറിയ നിലയിലാണ് ഉള്ളത്. ഡയപ്പർ പൊട്ടി മാലിന്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. 17 ഓളം വീടുകളുള്ള ഈ പ്രദേശത്തെ ജനങ്ങൾ ദിനംപ്രതി കടന്നു പോകുന്ന റോഡാണിത്. വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർ ഇതുവഴി യാത്ര ചെയ്യുന്നുണ്ട്.
മുൻപും ഇത്തരത്തിൽ മാലിന്യം തള്ളിയതായി ശ്രദ്ധയിൽ പെട്ടിരുന്നു. തുടർന്നാണ് കഴിഞ്ഞദിവസം വീണ്ടും മുപ്പതോളം ഡയപ്പറുകൾ ചാക്കിൽകെട്ടി തള്ളിയ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് മാലിന്യം പരിശോധിച്ചിരുന്നു. മാലിന്യം തള്ളിയവരെക്കുറിച്ച് അന്വേഷിച്ചെങ്കിലും കൃത്യമായ വിവരം ലഭിച്ചിട്ടില്ല. അധികൃതർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നും മാലിന്യം തള്ളിയവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.