ചേലേരി :- ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് നൂഞ്ഞേരിയിൽ സ്ഥിതി ചെയ്യുന്ന ക്വാട്ടേഴ്‌സിനും ക്വാർട്ടേഴ്സിന് സമീപത്തെ വീട്ടുടമയ്ക്കും 5000 രൂപ വീതം പിഴ ചുമത്തി. സ്‌ക്വാഡ് നൂഞ്ഞേരി ഭാഗത്തു പരിശോധന നടത്തുന്ന വേളയിൽ പ്ലാസ്റ്റിക് കത്തിക്കുന്നതിന്റെ രൂക്ഷ ഗന്ധത്തിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കെ എൻ വി ക്വാട്ടേഴ്‌സിൽ പുറക് വശത്ത് കരിങ്കൽ കൊണ്ട് നിർമ്മിച്ചിരിക്കുന്ന കുഴിയിൽ പ്ലാസ്റ്റിക് കവറുകളും ചാക്കുകളും തുണികളും അടക്കമുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതായി കണ്ടെത്തിയത്. ഉടൻ തന്നെ ക്വാർട്ടേഴ്സിലെ താമസക്കാരോട് തീ അണക്കാൻ ആവശ്യപ്പെട്ടു.
ക്വാട്ടേഴ്‌സിനു 5000 രൂപ പിഴ ചുമത്തി. ക്വാർട്ടേസിനു സമീപത്തായി സ്ഥിതി ചെയ്യുന്ന വീട്ടിൽ ടാങ്കിൽ പ്ലാസ്റ്റിക് കവറുകളും ഭക്ഷണാവാശിഷ്ടങ്ങളും ഫുഡ് കണ്ടെയ്നറുകളും അടക്കമുള്ള മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. ഹരിത കർമ്മ സേനയ്ക്ക് കൈമാറാൻ പറ്റുന്ന കവറുകൾ ഉൾപ്പടെയാണ് കാലങ്ങളായി ചെങ്കൽ കൊണ്ട് കെട്ടി നിർമിച്ചിരിക്കുന്ന ടാങ്കിൽ തള്ളിയിരിക്കുന്നത്.വീടിന്റെ പരിസര പ്രദേശങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ടിക്കുന്നത് ശ്രദ്ധയിൽ പെട്ടു. തുടർന്നു വീട്ടുടമയ്ക്ക് 5000 രൂപയും പിഴ ചുമത്തി.
പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി,എൻഫോഴ്‌സ്‌മെന്റ് ഓഫീസർ അജയകുമാർ കെ ആർ, സ്‌ക്വാഡ് അംഗങ്ങൾ അലൻ ബേബി, ദിബിൽ സി കെ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ നിവേദിത കെ തുടങ്ങിയവർ പങ്കെടുത്തു