തിരുവനന്തപുരം :- സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായ പ്രവൃത്തിപരിചയമേള പുതുക്കിയ മാന്വൽപ്രകാരമായിരിക്കും ഈ വർഷം മുതൽ നടക്കുക. കഴിഞ്ഞവർഷം സ്കൂൾതല മത്സരങ്ങൾ കഴിഞ്ഞ ശേഷം മാന്വൽ പരിഷ്ക്കരിച്ചതിനെതിരെ പരാതി ഉയർന്നിരുന്നു. തുടർന്ന് നടപ്പാക്കുന്നത് ഈ വർഷത്തേക്ക് മാറ്റി. മത്സര ഇനങ്ങളിൽ പുതിയ മാന്വലിൽ എൽപി, യുപി വിഭാഗങ്ങളിൽ മൂന്ന് ഇനങ്ങൾ ഒഴിവാക്കി മൂന്ന് പുതിയ ഇനങ്ങൾ കൂട്ടിച്ചേർത്തു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗ ങ്ങളിൽ ഏഴ് ഇനങ്ങൾ ഒഴിവാക്കുകയും എട്ട് ഇനങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. എൽപി, യുപി വിഭാഗങ്ങൾക്ക് ഉപജില്ലാതലം വരെ മാത്രമേ മത്സരങ്ങളുള്ളൂ.
എൽപി യുപി വിഭാഗത്തിൽ പനയോല കൊണ്ടുള്ള ഉത്പന്നങ്ങൾ, വോളിബോൾ/ബാഡ്‌മിൻറൻ നെറ്റ്, ചോക്ക് നിർമാണം എന്നിവ ഒഴിവാക്കി. ഒറിഗാമി, പോട്ടറി പെയിൻ റിങ്, പോസ്റ്റർ ഡിസൈനിങ് എന്നിവ കൂട്ടിച്ചേർത്തു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ചന്ദനത്തിരി നിർമാണം, പ്ലാസ്റ്റർ ഓഫ് പാരീസ് മൗൾഡിങ്, പനയോല കൊണ്ടുള്ള ഉത്പന്നം, തഴയോല കൊണ്ടുള്ള ഉത്പന്നം, കുടനിർമാണം, വോളിബോൾ നെറ്റ്, ചോക്ക് നിർമാണം എന്നിവ ഒഴിവാക്കി. കാരിബാഗ് നിർമാണം, ഫൈബർ ഫാബ്രിക്കേഷൻ, നൂതനാശയ പ്രവർത്തന മോഡൽ, ലോഹത്തകിടിൽ ദ്വിമാനരൂപ ചിത്രണം, പോസ്റ്റർ ഡിസൈനിങ്, പോട്ടറി പെയിന്റിങ്, കവുങ്ങിൻപാള ഉത്പന്നം, ചൂരൽ ഉത്പന്നം എന്നിവ കൂട്ടിച്ചേർത്തു.
മാന്വൽപരിഷത്തിലൂടെ പുതുതായി ഉൾപ്പെടുത്തിയ ഇനങ്ങൾ സംബന്ധിച്ചും ഒഴിവാക്കിയ ഇനങ്ങൾ സംബന്ധിച്ചും പരാതി. ഒഴിവാക്കിയ ഇനങ്ങൾ പലതും ഉത്പാദന പ്രക്രിയയ്ക്ക് ഊന്നൽ നൽകുന്ന പരമ്പരാഗത തൊഴിൽമേഖലയിലുള്ളതാണെന്നാണ് പ്രധാന ആക്ഷേപം. പനയോല, തഴയോല ഉത്പന്നങ്ങൾ, ചോക്ക് നിർമാണം, കുടനിർ മാണം, ചന്ദനത്തിരി തുടങ്ങിയ മത്സര ഇനങ്ങളിൽ ഒട്ടേറെ വിദ്യാർഥികൾ മത്സരിക്കാനെത്താറുണ്ട്. അതേപോലെ മത്സര ഇനങ്ങളുടെ തുടർച്ചയും ഇല്ലാതാകുന്നുവെന്ന് പരാതിയുണ്ട്. യുപി ക്ലാസ് വരെ ചന്ദനത്തിരി നിർമാണം, കുടനിർമാണം എന്നിവയിൽ പങ്കെടുത്ത വിദ്യാർഥിക്ക് എട്ടാംക്ലാസിലെത്തുംമ്പോൾ ഇവ മത്സരയിനങ്ങൾ അല്ലാത്തതു കൊണ്ട് പങ്കെടുക്കാൻ കഴിയില്ല.
