ബെവ്കോയിലെ പ്ലാസ്റ്റിക് കുപ്പികൾ പൊല്ലാപ്പാകുന്നു, തിരിച്ചെത്തുന്നവ സൂക്ഷിക്കാനും പ്രയാസം ; എതിർപ്പുമായി ജീവനക്കാർ


കണ്ണൂർ :- പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് അധികവില ഈടാക്കുന്ന പദ്ധതിയെച്ചൊല്ലി ഉപഭോക്താക്കൾക്കൊപ്പം ബെവറജസ് കോർപ്പറേഷൻ ജീവനക്കാരും ഇടയു ന്നു. പരീക്ഷണാടിസ്ഥാനത്തിൽ കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ വില്പനശാലകളിൽ നടപ്പാക്കിയ പദ്ധതിയെത്തുടർന്ന് ഉപഭോക്താക്കളും ജീവനക്കാരും തമ്മിൽ വാക്‌തർക്കവും സംഘർഷവും ഉടലെടുത്തതോടെയാണ് ജീവനക്കാരുട സംഘടനകൾ തീരുമാനത്തിനെതിരേ തിരിഞ്ഞത്. പിൻവാതിലിലൂടെ മദ്യ വില വർധിപ്പിക്കുകയാണ് ചെയ്തതെന്ന് ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ (ഐഎൻടിയുസി) ആരോപിക്കുന്നു. സൗകര്യങ്ങൾ ഏർപ്പെടുത്തി മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ബെവറജസ് കോർപ്പറേഷൻ സ്റ്റാഫ് അസോ സിയേഷൻ (സിഐടിയു) മാനേജിങ് ഡയറക്ടർക്ക് കത്ത് നൽകി.

കുടുംബശ്രീ പ്രവർത്തകരെ കുപ്പി ശേഖരിക്കാനായി നിയമിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും അതുണ്ടായിട്ടില്ല. പകരം ദിവസവേതനാടിസ്ഥാനത്തിൽ ഷോപ്പുകളിൽ ആളെ നിയമിച്ചുതുടങ്ങി. ഇവർ രാവിലെ 10 മുതൽ രാത്രി ഒൻപതുവരെ ജോലിചെയ്യണം. മിനിമം കൂലിയായ 710 രൂപ കൂടാതെ എട്ടുമണിക്കൂറിലധികം ജോലി ചെയ്യുന്നതിന്റെ അലവൻസായി 420 രൂപയും ചേർത്ത് 1,130 രൂപ ഇവർക്ക് നൽകും. സെപ്റ്റംബർ 10-നാണ് കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ 20 വില്പനശാലകളിൽ പ്ലാസ്റ്റിക് കുപ്പികളിലുള്ള മദ്യത്തിന് അളവ് വ്യത്യാസമില്ലാതെ 20 രൂപ വർധിപ്പിച്ചത്. മദ്യവിലയ്ക്കുള്ള ബില്ലിനുപുറമേ 20 രൂപയുടെ സ്ലിപ്പ് നൽകും. കുപ്പിക്ക് മുകളിൽ വില്പനശാലയുടെ പേരുള്ള സ്റ്റിക്കർ പതിക്കുകയും ചെയ്യും. വാങ്ങിയ ഷോപ്പിൽ കുപ്പി തിരിച്ചെത്തിച്ചാൽ 20 രൂപ തിരിച്ചുകിട്ടും. പ്ലാസ്റ്റിക് നിർമാർജനം ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും ഇതിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയിട്ടില്ല.

സ്ലിപ്പ് നൽകലും സ്റ്റിക്കർ പതിക്കലും തിരിച്ചെത്തുന്ന കുപ്പി വാങ്ങി പണം തിരികെ നൽകലും എല്ലാമായതോടെ ജീവനക്കാർ നട്ടം തിരിയുകയാണ്. പലയിടത്തും ഉപഭോക്താക്കൾ വാക്‌തർക്കത്തിലേർപ്പെടാനും തുടങ്ങി. ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികൾ വിൽക്കുന്ന ഷോപ്പുകളിൽ ഓരോന്നിനും 20 രൂപ പ്രത്യേകം ഈടാക്കി രശീത് കൊടുക്കുന്നത് അപ്രായോഗികമാണെന്ന് ജീവനക്കാരുടെ സംഘടനകൾ പറയുന്നു. വില്ലുന്നതിൻ്റെ ചെറിയ ശതമാനം പ്ലാസ്റ്റിക് കുപ്പികൾ മാത്ര കാണ് രണ്ടുദിവസം കഴിഞ്ഞിട്ടും തിരിച്ചെത്തുന്നത്. പയ്യന്നൂരിലെ ഷോപ്പിൽ 353 കുപ്പികളാണ് വ്യാഴാഴ്ച തിരിച്ചെത്തിയത്. അയ്യായിരത്തോളം പ്ലാസ്റ്റിക് കുപ്പികളാണ് ഇവിടെ ദിവസേന വിൽക്കുന്നത്. സമാനമാണ് മറ്റിടങ്ങളിലെയും സ്ഥിതി. തിരിച്ചെത്തിക്കുന്ന കുപ്പികൾ സൂക്ഷിക്കുന്നതും പ്രയാസമായിത്തുടങ്ങിയിട്ടുണ്ട്.

പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് അധിക വില ഈടാക്കുന്ന പദ്ധതി താത്കാലികമായെങ്കിലും നിർത്തിവെക്കണമെന്ന് കണ്ണൂർ ജില്ലയിലെ ഷോപ്പുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ. ബെവ്കോ എംഡിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ആവശ്യം ഉന്നയിച്ചത്. ഷോപ്പുകളുടെ പരിസരത്ത് പരസ്യ മദ്യപാനം കാരണം പൊറുതിമുട്ടിയെന്നും വനിത ജീവനക്കാരോട് ചിലർ മോശമായി പെരുമാറുന്നുവെന്നും കാണിച്ചാണ് പരാതി.

Previous Post Next Post