കണ്ണൂർ :- കേരള ഭാഗ്യക്കുറി മേഖലയിൽ ആശ്വാസമായി തിരുവോണം ബമ്പർ ടിക്കറ്റ് വില്പനയിൽ വലിയ കുതിപ്പ്. നറുക്കെടുപ്പിന് രണ്ടാഴ്ച ബാക്കിനിൽക്കെ 47 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. 71,43,008 ടിക്കറ്റുകളാണ് കഴിഞ്ഞവർഷം വിറ്റത്. അന്ന് നറുക്കെടുപ്പിന് രണ്ടാഴ്ച മുൻപ് വരെയുള്ള വില്പന 36 ലക്ഷമായിരുന്നു. അവസാന രണ്ടാഴ്ചയിലാണ് ആകെ വില്പനയുടെ പാതിയും നടന്നത്. ഇതേ കണക്കിലോ അതിനെ മറികടന്നോ ഇത്തവണത്തെ ടിക്കറ്റുകൾ വിറ്റഴിയുമെന്നാണ് ലോട്ടറി വ്യാപാരികൾ പറയുന്നത്. അങ്ങനെയായാൽ വകുപ്പ് പ്രതീക്ഷിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റുപോകും. അത് ബമ്പർ ടിക്കറ്റുകളുടെ വില്പനയിലെ ചരിത്ര നേട്ടമാകും. 25 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില. ആകെ സമ്മാനത്തുക 140 കോടി രൂപയാണ്.
കഴിഞ്ഞവർഷം ആകെ അച്ചടിച്ചത് 80 ലക്ഷം ടിക്കറ്റുകളാണ്. എട്ടരലക്ഷത്തോളം ടിക്കറ്റുകൾ ബാക്കിയായിരുന്നു. 2023-ൽ 85 ലക്ഷം തിരുവോണം ബമ്പർ ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്. ഇതിൽ 75,76,096 ടിക്കറ്റുകൾ വിറ്റു. 2022-ൽ 67.50 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 66.55 ലക്ഷമായിരുന്നു വില്പന. ഒന്നാംസമ്മാനം 25 കോടി രൂപയായ ശേഷം നാലാമത്തെ തിരുവോണം ബമ്പറാണ് ഇത്തവണത്തേത്. സ്വന്തം ജില്ലകളിലേതിനേക്കാൾ മറ്റു ജില്ലകളിലെ ടിക്കറ്റിനാണ് ഇപ്പോൾ കൂടുതൽ പ്രിയം. ഇത് തിരിച്ചറിഞ്ഞ് ഏജന്റുമാർ ടിക്കറ്റുകൾ പരസ്പരം കൈമാറ്റം ചെയ്ത് ടിക്കറ്റിന് പുറത്ത് അതത് ജില്ലയുടെ പേര് പ്രദർശിപ്പിച്ച് വില്പന കൂട്ടുന്നു.
ജൂലായിൽ നറുക്കെടുപ്പ് നടന്ന മൺസൂർ ബമ്പർ ടിക്കറ്റും നന്നായി വിറ്റുപോയിരുന്നു. അച്ചടിച്ച 34 ലക്ഷം ടിക്കറ്റിൽ 33,48,990 ടിക്കറ്റുകളാണ് വിറ്റത്. ഏതാനും ദിവസത്തിനുള്ളിൽ ലോട്ടറി ടിക്കറ്റിനുള്ള ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനമാകും. ടിക്കറ്റ് വില കൂട്ടില്ലെ ന്ന് ധനമന്ത്രി കെ.എൻ ബാലഗോപാലൻ വ്യക്തമാക്കിയിട്ടുണ്ട്. സമ്മാനഘടനയിൽ മാറ്റം വന്നേ ക്കുമെന്നാണ് മന്ത്രി സൂചിപ്പിച്ചത്. ഇത് വില്പനയെ ബാധിക്കുമോയെന്ന ആശങ്കയാണ് ഏജന്റുമാർ പങ്കുവയ്ക്കുന്നത്.
