ന്യൂഡൽഹി :- വിമാനത്തിനടിയിൽ വീൽ അറയിൽ ഒളിച്ച് അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് 13 വയസ്സുകാരന്റെ സാഹസിക യാത്ര. രാവിലെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ ബാലൻ സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു, അഫ്ഗാനിസ്ഥാന്റെ എയർലൈൻസായ കാം എയറിന്റെ വിമാനത്തിലെത്തിയ കുട്ടി ഇറാനിലേക്കു പോകാനാണ് ഉദ്ദേശിച്ചിരുന്നത്, എന്നാൽ വിമാനം മാറി. അഫ്ഗാൻ കുർത്ത ധരിച്ച ബാലൻ പരുങ്ങിനടക്കുന്നതു കണ്ട് സിഐഎസ്എഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ കേസെടുക്കില്ല.
ഇന്ത്യയിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. 1996ൽ പ്രദീപ് സൈനി, വിജയ് സൈനി എന്നീ സഹോദരൻമാർ ഇങ്ങനെ ബ്രിട്ടനിലേക്കു യാത്ര ചെയ്തിരുന്നു. പ്രദീപ് രക്ഷപ്പെട്ടു, വിജയ് മരിച്ചു. 30,000 അടി പൊക്കത്തിലെ മൈനസ് 60 ഡിഗ്രി സെൽഷ്യസ് വരെയെത്തുന്ന കൊടുംതണുപ്പിൽ ഹൈപ്പോത്തെർമിയ പിടിപെട്ട് മരിക്കാം. ഓക്സിജന്റെ അളവ് കുറയുന്നതിനാൽ അബോധാവസ്ഥയും തുടർന്നു മരണവും സംഭവിക്കാനിടയുണ്ട്.
