ന്യൂഡൽഹി :- ഹൈക്കോടതി ജഡ്ജിമാരുടെ പ്രവർത്തനം വിലയിരുത്താനുള്ള സംവിധാനം ആവശ്യമാണെന്ന് സുപ്രീംകോടതി നിരീക്ഷണം. ചില ജഡ്ജിമാർ അക്ഷീണം കേസുകളിൽ തീർപ്പുണ്ടാക്കുമ്പോൾ മറ്റു ചിലർക്ക് ഇതേ കാര്യക്ഷമതയിൽ കേസുകളിൽ ഉത്തരവിറക്കാൻ കഴിയുന്നില്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത്, എൻ.കെ സിങ് എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി. പൊതുജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് നീതിന്യായ സംവിധാനം ഉയരേണ്ടതുണ്ടെന്നും ഇതിനായി ജഡ്ജിമാർക്ക് മാർഗനിർദേശം ആവശ്യമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ക്രിമിനൽ അപ്പീലുകളിൽ വിധി പറയുന്നതിൽ ഝാർഖണ്ഡ് ഹൈക്കോടതി മൂന്നുവർഷത്തോളം കാലതാമസം വരുത്തിയ കേസ് പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയുടെ നിർദേശം. കേസുകളുടെ വേഗത്തിലുള്ള തീർപ്പാക്കലിൽ ചില ജഡ്ജിമാർ അക്ഷീണം പ്രവർത്തിക്കുമ്പോൾ മറ്റുചിലർ അതേ കാര്യക്ഷമത പുലർത്തുന്നില്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. ഒരു ജഡിക്ക് ദിവസം ഒരു ക്രിമിനൽ അപ്പീലിൽ തീരുമാനമെടുക്കാൻ കഴിഞ്ഞാൽ വലിയനേട്ടമാണ്. ദിവസം ഒരു ജാമ്യഹർജി മാത്രമേ തീർപ്പാക്കൂവെന്ന് പറഞ്ഞാൽ അത് പരിശോധന ആവശ്യമുള്ള കാര്യമാണെന്നും കോടതി നിരീക്ഷിച്ചു.
