വീട് വിട്ടിറങ്ങി വിമാനം കയറി ദില്ലിയിലെത്തിയ 13 കാരിയെ തിരികെ വിഴിഞ്ഞത്തെ വീട്ടിൽ എത്തിച്ചു


തിരുവനന്തപുരം :- വീട് വിട്ടിറങ്ങി വിമാനം കയറി ദില്ലിയിലെത്തിയ 13 കാരിയെ കണ്ടെത്തി തിരികെ വിഴിഞ്ഞത്തെ വീട്ടിൽ എത്തിച്ചു. കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്നിറങ്ങി ഓട്ടോയിൽ എയർപോർട്ടിലെത്തി വിമാനം കയറിയ പെൺകുട്ടിയെ പൊലീസിന്‍റെ ആവശ്യ പ്രകാരം ദില്ലി വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് വിഴിഞ്ഞം പൊലീസ് ദില്ലിയിലെത്തി കുട്ടിയെ ഏറ്റുവാങ്ങിയാണ് വിഴിഞ്ഞത്ത് തിരിച്ചെത്തിച്ചത്. വിഴിഞ്ഞത്ത് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശികളുടെ മകളെ വ്യാഴാഴ്ച രാവിലെ മുതലാണ് കാണാതായത്. വീട്ടുകാരുടെ പരാതിയിൽ വിഴിഞ്ഞം പൊലീസ് അതിവേഗം അന്വേഷണം തുടങ്ങി. കുട്ടിയെ എയർപോർട്ടിലെത്തിച്ച ഓട്ടോ ഡ്രൈവറെ കണ്ടെത്തിയതോടെയാണ് നിർണായക വിവരം ലഭിച്ചത്.

ഉടൻ വിഴിഞ്ഞം പൊലീസ് സിറ്റി പൊലീസ് കമ്മിഷണറുടെ സഹായത്തോടെ എയർപോർട്ടുമായി ബന്ധപ്പെട്ടു. രാവിലത്തെ വിവിധ വിമാനങ്ങളുടെ പാസഞ്ചർ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ പേര് കണ്ടെത്തിയത്. ഉടൻ ദില്ലി എയർപോർട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിവരം കൈമാറി. വിമാനം ദില്ലിയിൽ ലാൻഡ് ചെയ്തതോടെ സുരക്ഷാ ജീവനക്കാർ കുട്ടിയെ എയർപോർട്ടിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതിനിടെ വിഴിഞ്ഞം പൊലീസ് വിമാനത്തിൽ ദില്ലിലേക്ക് തിരിച്ചിരുന്നു. മുൻപും കുടുംബവുമായി യാത്ര ചെയ്ത പരിചയം കുട്ടിക്ക് ഉണ്ടെന്നും വീട്ടിൽ നിന്നും എടുത്ത പണമുപയോഗിച്ച് വിഴിഞ്ഞത്തെ ഒരു ട്രാവൽ ഏജൻസിയിൽ നിന്ന് വിമാന ടിക്കറ്റ് കുട്ടി തന്നെയാണ് ബുക്ക് ചെയ്തതെന്നും പൊലീസ് പറഞ്ഞു. ഒറ്റയ്ക്കാണ് കുട്ടി യാത്ര ചെയ്തത്. ദില്ലിയിൽ എത്തിയിട്ട് അവിടെ നിന്നും പശ്ചിമ ബംഗാളിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റ് ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. കുട്ടിയെ എയർപോർട്ടിലെത്തിച്ച ഓട്ടോ ഡ്രൈവറെ കണ്ടെത്തിയതോടെയാണ് നിർണായക വിവരം ലഭിച്ചത്.

കുട്ടിയുടെ സ്വന്തം നാട്ടിലേക്ക് പോകാനാണ് വീട് വിട്ടിറങ്ങിയതെന്ന് കുട്ടി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. വർഷങ്ങളായി വിഴഞ്ഞത്ത് താമസിക്കുന്ന കുട്ടിയുടെ കുടുംബത്തിന് ലഘുഭക്ഷണങ്ങളുടെ കച്ചവടമാണ്. അച്ഛനും അമ്മയ്‌ക്കുമൊപ്പമാണ് കുട്ടിയുടെ താമസം. വീട്ടിലെ സാഹചര്യങ്ങളിലുള്ള അനിഷ്ടത്തെ തുടർന്നാണ് കുട്ടി ആരോടും പറയാതെ വീട് വിട്ടതെന്ന് പൊലീസ് വ്യക്തമാക്കി. മൂത്ത സഹോദരി വിവാഹം കഴിഞ്ഞ് ബംഗാളിലാണ് താമസം. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.

Previous Post Next Post