കരിപ്പൂർ :- ഹജ് കമ്മിറ്റി മുഖേന 2022ൽ ഹജ് തീർഥാടനം നടത്തിയവർക്കു തിരിച്ചു നൽകാനുള്ള തുക നിശ്ചയിച്ചു. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിൽ നിന്നു ലഭിച്ച ചെലവുവിവരങ്ങൾ പരിശോധിച്ചാണു തുക നിശ്ചയിച്ചത്. ഓരോ തീർഥാടകനും അവർ പുറപ്പെട്ട കേന്ദ്രങ്ങൾ അനുസരിച്ചാണു തുക. കേരളത്തിൽ നിന്നു കൊച്ചി വിമാനത്താവളം വഴിയാണു 2022ൽ കേരളത്തിലെ തീർഥാടകർ യാത്ര ചെയ്തത്.
ഓരോരുത്തർക്കും 9,084 രൂപയാണു തിരിച്ചു നൽകുക. മറ്റു വിമാനത്താവളങ്ങളിലെ തുക അഹമ്മദാബാദ് (9,194 രൂപ), ബെംഗളൂരു (8,929 രൂപ), ഡൽഹി (9,039), ഗുവാഹത്തി (8,843), ഹൈദരാബാദ് (9,017) കൊൽക്കത്ത (8,746 രൂപ), ലക്നൗ (9,024) മുംബൈ (9,212), ശ്രീനഗർ (9,772). ഹജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ രേഖകളിൽ ലഭ്യമായ ബാങ്ക് അക്കൗണ്ടുകളിലേക്കാണു തുക നൽകുക. തുക ലഭിക്കുന്നതിന് അക്കൗണ്ട് സജീവമാണെന്നു തീർഥാടകർ ഉറപ്പുവരുത്തണമെന്നു കേന്ദ്ര ഹജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.
