കാസർഗോഡ് പോക്സോ കേസ് പ്രതിയായ എഇഒയെ സസ്‌പെന്‍ഡ് ചെയ്തു


കാസർഗോഡ് :- പതിനാറുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയായ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സൈനുദ്ദീനെതിരെയാണ് നടപടി.ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കി. ഗേ ഡേറ്റിംഗ് ആപ്പ് വഴിയാണ് പതിനാറുകാരനായ വിദ്യാർത്ഥിയെ പ്രതികൾ പരിചയപ്പെട്ടത്.കേസിൽ പതിനാല് പ്രതികളാണുളളത്. ഇവരിൽ ആറ് പേരെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എഇഒയ്ക്കൊപ്പം യൂത്ത് ലീഗ് പ്രാദേശിക നേതാവ്, ആര്‍പിഎഫ് റിട്ട ഉദ്യോഗസ്ഥര്‍ എന്നിവരടക്കമുള്ളവരാണ് കേസിൽ പ്രതിചേർത്തിട്ടുള്ളത്.കേസിലെ മിക്ക പ്രതികളും ഒളിവിലാണെന്നാണ് വിവരം. ഇവര്‍ക്കായുള്ള അന്വേഷണം ജില്ലയുടെ പുറത്തും പോലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും. വിദ്യാർത്ഥിയുടെ അമ്മയുടെ ഇടപെടലിലാണ് പീഡന വിവരം പുറത്ത് അറിയുന്നത്. 

കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് ഒരാള്‍ ഇറങ്ങി ഓടുന്നത് കുട്ടിയുടെ അമ്മ കണ്ടു. ഇതേ തുടർന്ന് സംശയം തോന്നിയ അമ്മ വിദ്യാർത്ഥിയുടെ ഫോൺ പരിശോധിക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പിന്നാലെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയോട് സംസാരിച്ചപ്പോഴാണ് കുറെ കാലങ്ങളായി പലരും കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരം പുറംലോകമറിഞ്ഞത്. പ്രതികള്‍ എല്ലാവരും സമൂഹത്തില്‍ ഉന്നത സ്ഥാനത്തുള്ളവരാണ്. അഞ്ചുപേര്‍ കാസര്‍കോട് ജില്ലയ്ക്ക് പുറത്തുള്ളവരാണ് എന്നാണ് പോലീസ് നൽകുന്ന വിവരം. നിലവില്‍ അഞ്ച് പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാർക്കാണ് അന്വേഷണത്തിന്റെ ചുമതല ഉള്ളത്.

Previous Post Next Post