ദില്ലി :- വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങൾക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന് പിന്നാലെയാണ് ഇന്ത്യയും നടപടി നീട്ടിയത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് നടപടി തുടങ്ങിയത്. എന്നാൽ വ്യോമപാത അടയ്ക്കുന്നത് തിരിച്ചടിയാകുന്നത് ഇന്ത്യയ്ക്കെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ഇന്ത്യയുടെ എണ്ണൂറിലധികം പ്രതിവാര സർവീസുകളെ ബാധിക്കുമ്പോൾ പാകിസ്ഥാന് പ്രതിസന്ധിയാകുന്നത് 6 ഷെഡ്യൂളുകൾ മാത്രം. പാകിസ്ഥാൻ ഇൻ്റർനാഷണൽ എയർലൈൻസിന് സാമ്പത്തിക പ്രയാസം കാരണം നിലവിൽ മലേഷ്യയിലേക്ക് മാത്രമേ ഇന്ത്യൻ വ്യോമപാതയിലൂടെ സർവീസുള്ളൂ എന്നതാണ് കാരണം.
വ്യോമാതിർത്തി അടയ്ക്കൽ ആറാം മാസത്തിൽ
ഇരു രാജ്യങ്ങളും തങ്ങളുടെ വ്യോമാതിർത്തി അടച്ചിരിക്കുന്നത് ആറാം മാസത്തിലേക്ക് കടക്കുകയാണ്. ഏപ്രിൽ 22 ന് 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമപാതയിൽ പ്രവേശനമില്ലെന്ന് ഏപ്രിൽ 30 ന് ഇന്ത്യ വ്യക്തമാക്കി. പിന്നീട് ജൂലൈ 24 വരെ എല്ലാ പാകിസ്ഥാൻ വിമാനങ്ങളെയും ഇന്ത്യൻ വ്യോമ പാതയിൽ നിന്ന് വിലക്കി. ഈ വിലക്ക് പിന്നീടുള്ള മാസങ്ങളിൽ നീട്ടുകയായിരുന്നു. ഇന്ത്യൻ വിമാനങ്ങൾക്ക് പ്രവേശനമില്ലെന്ന് പാകിസ്ഥാൻ ആദ്യം വ്യക്തമാക്കിയത് ഏപ്രിൽ 24നാണ്. പിന്നീട് പാകിസ്ഥാനും നിയന്ത്രണം നീട്ടി.
ബാധിക്കുന്നത് 800 പ്രതിവാര സർവീസുകളെ
ഇന്ത്യൻ വിമാന കമ്പനികളുടെ 800 സർവീസുകൾ (ഓരോ ആഴ്‌ചയിലും) കൂടുതൽ സമയം എടുക്കുന്നു എന്നാണ് റിപ്പോർട്ട്. യാത്രാ ദൈർഘ്യം കൂടുന്നതിനൊപ്പം ഇന്ധനച്ചെലവും വർദ്ധിക്കുന്നു. വടക്കേ ഇന്ത്യയിൽ നിന്ന് പശ്ചിമേഷ്യ, യൂറോപ്പ്, യുകെ, വടക്കേ അമേരിക്കയുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യൻ വിമാനങ്ങൾ പതിവ് റൂട്ടുകളിൽ നിന്ന് മാറി ദൈർഘ്യമേറിയ പാതകളിലൂടെയാണ് ഇപ്പോൾ പോകുന്നത്. ഇതോടെ 15 മിനിറ്റ് മുതൽ മണിക്കൂറുകൾ വരെ യാത്രാ സമയം കൂടുന്ന സ്ഥിതിയാണ്. ഇതോടെ വിമാന കമ്പനികളുടെ പ്രവർത്തനച്ചെലവും വർദ്ധിക്കുന്നു. ഇന്ത്യൻ വ്യോമയാന മേഖല അതിവേഗം വികസിക്കുമ്പോൾ, പാകിസ്ഥാൻ വിമാന കമ്പനികൾ സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാൽ കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ അവരുടെ പരിഗണനയിൽ ഇല്ലാത്തതിനാൽ ഇന്ത്യൻ വ്യോമപാത അടച്ചത് അവരെ സംബന്ധിച്ച് കാര്യമായ പ്രശ്‌നമുണ്ടാക്കുന്നില്ല. 2019ൽ പാകിസ്ഥാൻ നാല് മാസത്തേക്ക് വ്യോമാതിർത്തി അടച്ചപ്പോൾ, ഇന്ത്യൻ വിമാന കമ്പനികൾക്ക് ഏകദേശം 700 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചെന്നാണ് റിപ്പോർട്ട്.
