ഇന്ന് ശ്രീകൃഷ്ണജയന്തി; ജില്ലയിൽ 300 ശോഭായാത്രകൾ


കണ്ണൂർ:- അഷ്ടമിരോഹിണിയോട് അനുബന്ധിച്ച് ഞായറാഴ്ച വൈകീട്ട് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ 300 ശോഭായാത്രകൾ സംഘടിപ്പിക്കും.

ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജില്ലയിലെ 2500-ഓളം സ്ഥലങ്ങളിൽ പതാക ഉയർത്തി. കണ്ണൂർ ടൗൺ, ചക്കരക്കൽ, തലശ്ശേരി, ഇരിട്ടി, തില്ലങ്കേരി, പുന്നാട്, പാനൂർ, തൊക്കിലങ്ങാടി, പേരാവൂർ, തളിപ്പറമ്പ്, നടുവിൽ, പയ്യന്നൂർ, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ മഹാശോഭായാത്ര നടക്കും. പ്രധാനപ്പെട്ട നഗരങ്ങളിൽ മഹാശോഭായാത്രാ സംഗമങ്ങളും ഉണ്ടാകും.

ഗ്രാമകേന്ദ്രങ്ങളിലും ചെറുതും വലുതുമായ ശോഭായാത്രകൾ ഉണ്ടാകും. ഉണ്ണിക്കണ്ണൻമാർ, പൗരാണിക വേഷങ്ങളടങ്ങിയ നിശ്ചല ദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, ഗോപിക നൃത്തം മുതലായവ ശോഭായാത്രയിൽ ഉണ്ടാകും. സാംസ്കാരിക സമ്മേളനങ്ങൾ, ഗോപൂജ, ഭജന സന്ധ്യ, ഉറിയടി, കൃഷ്ണഗാഥ സദസ്സ് എന്നിവയും നടക്കും.

കണ്ണൂർ നഗരത്തിൽ വിളക്കും തറയിൽ നിന്നാരംഭിക്കുന്ന ശോഭായാത്ര അമൃതാനന്ദമയീ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി ദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്ലാസ, റെയിൽവേ സ്റ്റേഷൻ റോഡ്, മുനീശ്വരൻ കോവിൽ, പഴയ ബസ്‌ സ്റ്റാൻഡ് വഴി തെക്കീ ബസാറിലെ കാഞ്ചി കാമാക്ഷിയമ്മൻ കോവിലിൻ പരിസരത്ത് സമാപിക്കും.

നാറാത്ത് :- നാറാത്ത് വിവേകാനന്ദ ബാലഗോകുലത്തിന്റ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ഇന്ന് വൈകുന്നേരം 3.30 ന് കൊളച്ചേരി സ്റ്റേഡിയം ഗ്രൗണ്ടിൽ നിന്നും ആരംഭിക്കും. മാളികപുറം സിനിമാതാരവും ദേശീയ അവാർഡ് ജേതാവുമായ ശ്രീപദ് യാൻ ഉദ്ഘാടനം ചെയ്യും. 

മുത്തുക്കുടകളുടെയും, നിശ്ചല ദൃശ്യങ്ങളുടെയും,, കൃഷ്ണ, ഗോപിക, ഗോപ, ബാലിക, ബാലകന്മാർ അണിനിരക്കുന്ന ശോഭായാത്ര കമ്പിൽ അങ്ങാടി വഴി നാറാത്ത് ശ്രീ പാണ്ടിയംതടം സന്നിധിയിൽ സമാപിക്കും. തുടർന്ന് പായസദാനവും ഉണ്ടായിരിക്കും.

മലപ്പട്ടം:- കൊടക്കാട്ടേരി മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജയന്തി ദിനാഘോഷം ഞായറാഴ്ച നടക്കും. വൈകിട്ട് 4.30ന് അഡൂർ മഹാശിവ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര കൊളന്ത കൊടക്കാട്ടേരി മഹാവിഷ്ണു‌ ക്ഷേത്രത്തിൽ സമാപിക്കും.

കുറ്റ്യാട്ടൂർ:- മഹാശിവക്ഷേത്രത്തിൽ ഈവർഷത്തെ ശ്രീകൃഷ്ണ ജയന്തി ഇന്ന്  ഞായറാഴ്ച വിവിധ ചടങ്ങുകളോടെ ആഘോഷിക്കും.

രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് മണി വരെ അഖണ്ഡ കൃഷ്ണഗാഥ പാരായണം, നിറമാല, മഹാവിഷ്ണു ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, വൈകിട്ട് പാൽപ്പായസ നിവേദ്യം, രാത്രി ദീപാരാധനക്ക് ശേഷം ഉറിയടി മത്സരം എന്നിവ നടക്കും.

Previous Post Next Post