ഒറ്റ ദിവസത്തിൽ രണ്ട് റെക്കോർഡ് സ്വന്തമാക്കി വിഴിഞ്ഞം തുറമുഖം ; ചുരുങ്ങിയ കാലയളവിൽ എത്തിയത് 500 കപ്പലുകളെന്ന് മന്ത്രി വി.എൻ വാസവൻ


തിരുവനന്തപുരം :- ഒരു ദിവസം രണ്ട് റെക്കോർഡ് സ്വന്തമാക്കി വിഴിഞ്ഞം തുറമുഖം. ലോക ചരക്കു കപ്പൽ ഗതാഗതത്തിൽ വിഴിഞ്ഞത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നതിന്‍റെ തെളിവാണ് ഈ ചുരുങ്ങിയ കാലയളവിൽ വന്നെത്തിയ 500 കപ്പലുകളെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. 2024 ഡിസംബറിൽ വാണിജ്യ അടിസ്ഥാനത്തിലുള്ള പ്രവർത്തനമാരംഭിച്ചതിനുശേഷം വെറും 10 മാസത്തിനുള്ളിലാണ് ഈ ശ്രദ്ധേയമായ നേട്ടം എന്നത് എടുത്തു പറയേണ്ടതാണ്.

ഇന്ത്യയിൽ ഇതുവരെ കൈകാര്യം ചെയ്തതിൽവെച്ച് ഏറ്റവും ആഴംകൂടിയ ഡ്രാഫ്റ്റുള്ള കണ്ടെയ്‌നർ കപ്പലായ എംഎസ്‍സി വെറോണ (MSC Verona), 17.1 മീറ്റർ ഡ്രാഫ്റ്റോടെ വിഴിഞ്ഞത്ത് ഇന്ന് പുലർച്ചെ നങ്കൂരമിട്ട് പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചു. ലോകത്തിന്‍റെ ഏതു കോണിൽ പോയാലും 'വിഴിഞ്ഞം - തിരുവനന്തപുരം - കേരള - ഇന്ത്യ' എന്ന ടാഗ് ലൈൻ കാണുമ്പോൾ ഓരോ മലയാളിക്കും ഉണ്ടാകുന്ന അഭിമാനം ചെറുതല്ലെന്നും വാസവൻ ഫേസ്ബുക്കിൽ കുറിച്ചു.

രാജ്യത്തിന്‍റെ തെക്കൻ മേഖലയിലെ സുരക്ഷ, നിരീക്ഷണം, പരിശോധന എന്നിവയുടെ ഭാഗമായി നാവിക സേനയുടെ കപ്പൽ ഐഎൻഎസ് കബ്ര കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എത്തിയിരുന്നു. കൊച്ചിയിൽ നിന്ന് എത്തിയ കപ്പൽ വിഴിഞ്ഞം മാരിടൈം ബോർഡിന്‍റെ പുതിയ വാർഫിലാണ് അടുത്തത്. ഇടവിട്ടുള്ള പട്രോളിങിന്‍റെ ഭാഗമായി കപ്പൽ മുൻപും വിഴിഞ്ഞത്ത് വന്നിരുന്നു.

Previous Post Next Post