മണ്ണാർക്കാട് :- ജനവാസമേഖലയിലിറങ്ങുന്ന കാട്ടുപന്നികളെ കൊന്നൊടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകിയ ശേഷം സംസ്ഥാനത്ത് ഇതുവരെ വെടിവെച്ചുകൊന്നത് 5,102 കാട്ടുപന്നികളെ. ഇതിൽ ഏറ്റവും കൂടുതൽ കാട്ടുപന്നി ശല്യമുള്ളതും കൂടുതൽ വെടിവെച്ചു കൊന്നതും പാലക്കാട് ജില്ലയിൽ. 2022-ലാണ് അംഗീകൃത ഷൂട്ടർമാർ മുഖേന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകിയത്. ഇപ്രകാരം പാലക്കാട് ജില്ലയിൽ 1,512 കാട്ടുപന്നികളെയാണ് കൊന്നിട്ടുള്ളത്. ജില്ലയിൽ 82 പ്രദേശങ്ങളിലാണ് കാട്ടുപന്നിശല്യമുള്ളത്. 116 ഷൂട്ടർമാരുമുണ്ട്.
മലപ്പുറം ജില്ലയിൽ 988 കാട്ടുപന്നികളേയും കൊന്നൊടുക്കി. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലാണ്. ഇവിടെ ഒരു കാട്ടുപന്നിയെ മാത്രമാണ് ഇതുവരെ കൊന്നിട്ടുള്ളത്. തിരുവനന്തപുരം-854, കൊല്ലം-120, പത്തനംതിട്ട-159, ആലപ്പുഴ-85, കോട്ടയം-മൂന്ന്, എറണാകുളം-ആറ്, തൃശ്ശൂർ-130, വയനാട്-24, കോഴിക്കോട്-472, കണ്ണൂർ-723, കാസർഗോഡ്-25 എന്നിങ്ങനെയാണ് വെടിവെച്ചു കൊന്ന കാട്ടുപന്നികളുടെ എണ്ണം. തുടക്കത്തിൽ ഫണ്ടിന്റെ അപര്യാപ്തതയും ഷൂട്ടർമാരെ ലഭ്യമാകാത്തതും മൂലം പല തദ്ദേശസ്ഥാപനങ്ങളിലും ദൗത്യം കാര്യക്ഷമമായി നടന്നില്ല. 2025-വരെ 2,000-ലധികം കാട്ടുപന്നികളെ മാത്രമാണ് കൊന്നിട്ടുള്ളത്. പഞ്ചായത്തുകൾ ആവശ്യപ്പെടുന്നപ്രകാരം ഓരോ വർഷവും അനുമതി പുതുക്കുകയാണ് വനംവകുപ്പ് ചെയ്തുവന്നിരുന്നത്.
നിലവിലെ സാങ്കേതിക പ്രശ്നങ്ങൾ കണക്കിലെടുത്ത് 2025 ഫെബ്രുവരിയിൽ വനംവകുപ്പ് 'മിഷൻ വൈൽഡ് പിഗ്' എന്ന ദൗത്യത്തിന് രൂപം കൊടുത്തു. ഇതിലൂടെ തദ്ദേശസ്ഥാപനങ്ങൾക്ക് സഹായവും പിന്തുണയും നൽകി. അംഗീകൃത ഷൂട്ടർമാരുടെ പട്ടികയും തയ്യാറാക്കി. ഇപ്രകാരം 871 ഷൂട്ടർമാരെ ലഭ്യമാക്കാനും സാധിച്ചു. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്ന ഷൂട്ടർമാർക്കുള്ള തുകയും സംസ്‌കരിക്കുന്നയാൾക്കുള്ള തുകയും വനംവകുപ്പിൽ നിന്ന് നൽകാനുള്ള നടപടികളുമെടുത്തു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സേവനവും ഉറപ്പാക്കുന്നുണ്ട്. 652 തദ്ദേശ സ്ഥാപനങ്ങളിലാണ് കാട്ടുപന്നിശല്യമുള്ളതായി വനംവകുപ്പിന്റെ കണക്കിലുള്ളത്. ഇതിൽ 297 ഇടങ്ങളിൽ രൂക്ഷവുമാണ്.
