പ്രധാനമന്ത്രിക്ക് ലഭിച്ച ഉപഹാരങ്ങൾ സ്വന്തമാക്കാൻ അവസരം ; ഓൺലൈൻ ലേലം ഇന്നുമുതൽ


ദില്ലി :- പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച ഉപഹാരങ്ങൾ സ്വന്തമാക്കാൻ ഒരവസരം. ഓൺലൈൻ ലേലം ഇന്നുമുതൽ ആരംഭിച്ചു. കേന്ദ്രസാംസ്‌കാരിക മന്ത്രാലയവും നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്‌സും ചേർന്നാണ് ലേലം സംഘടിപ്പിക്കുന്നത്. 2019ൽ തുടങ്ങിയ ലേലത്തിന്റെ ഏഴാം പതിപ്പിനാണ് ഇന്ന് തുടക്കമാകുന്നത്. കേരളത്തിലെ തനത് ആഭരണ പെട്ടിയായ നെട്ടൂർ പെട്ടി, വെള്ളിയിൽ നിർമിച്ച വീണ, തടിയിൽ തീർത്ത പഞ്ചമുഖി ഹനുമാൻ തുടങ്ങി വിവിധ സംസ്ഥാന സർക്കാരുകളും വകുപ്പുകളും വ്യക്തികളും പ്രധാനമന്ത്രിക്ക് നൽകിയ ഉപഹാരങ്ങളാണ് ലേലത്തിന് വെച്ചിരിക്കുന്നത്. ഗവർണർമാർ സമ്മാനിച്ചത് മുതൽ 2024 പാരിസ് പാരാലിമ്പിക്‌സിൽ പങ്കെടുത്ത കായികതാരങ്ങൾ പ്രധാനമന്ത്രിക്ക് നൽകിയ ഉപഹാരങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക കലാപൈതൃകം വിളിച്ചോതുന്നവയാണ് പല ഉപഹാരങ്ങളും.

ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ച ലേലം ഒക്ടോബർ രണ്ടുവരെ വെബ്സൈറ്റിലൂടെ ഈ ഉപഹാരങ്ങൾ ലേലത്തിൽ സ്വന്തമാക്കാം. ലേലത്തിലൂടെ കിട്ടുന്ന തുക ഗംഗ ശുചീകരണ പദ്ധതിയായ നമാമി ഗംഗയിലേക്കാണ് എത്തിച്ചേരുക. കഴിഞ്ഞവർഷം ഇത്തരത്തിൽ രണ്ടു കോടിയിലധികം രൂപയാണ് ലേലത്തിലൂടെ നേടാനായത്. അയോധ്യ രാമക്ഷേത്രത്തിന്റെ മാതൃക, ഭവാനി ദേവിയുടെ പ്രതിമ തുടങ്ങിയടക്കം ആകെ 1300 ഉപഹാരങ്ങളാണ് ഇത്തവണ ലേലത്തിന് വെച്ചിരിക്കുന്നത്. 5.5 ലക്ഷമായിരിക്കും അയോധ്യ രാമക്ഷേത്രത്തിന്റെ മാതൃകയുടെ അടിസ്ഥാന ലേല തുക.

Previous Post Next Post