കണ്ണൂര്‍ :- സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സ്ഥാപകരായ വരക്കല്‍ സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഅലവി മുല്ലക്കോയ തങ്ങളുടെ സമ്പൂര്‍ണ സുവര്‍ണ വംശാവലിയും ജീവ ചരിത്രവും ആദ്യമായി രേഖപ്പെടുത്തിയ പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു. കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോളേജില്‍ നടന്ന ഇശ്ഖ് മജ്ലിസില്‍ സയ്യിദ് അസ്ലം തങ്ങള്‍ അല്‍ മശ്ഹൂറാണ് തുലൂഉശ്ശംസ്, ചരിത്രത്തിന്റെ സൂര്യോദയം എന്നീ പേരുകളിലായി അറബി, മലയാളം ഭാഷകളില്‍ രചിക്കപ്പെട്ട ഗ്രന്ഥങ്ങളുടെ പ്രകാശനം യഥാക്രമം ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോളേജ് വൈസ്-പ്രിന്‍സിപ്പാള്‍ ഉസ്താദ് അനസ് ഹുദവി, ദാറുല്‍ ഹസനാത്ത് ട്രഷറര്‍ ആലി ഹാജി എന്നിവര്‍ക്ക് നല്‍കി നിര്‍വഹിച്ചത്.
വരക്കല്‍ സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഅലവി മുല്ലക്കോയ തങ്ങളുടെ സമ്പൂര്‍ണ വംശാവലി നീണ്ട അന്വേഷണ-ഗവേഷണങ്ങള്‍ക്ക് ശേഷം കണ്ടെത്തിയ ദാറുല്‍ ഹസനാത്ത് പ്രിന്‍സിപ്പാളും വൈസ് പ്രസിഡന്റുമായ പ്രമുഖ പണ്ഡിതന്‍ സയ്യിദ് അലി ഹാശിം ബാഅലവി നദ് വി തങ്ങളാണ് പുസ്തകം തയ്യാറാക്കിയത്. വരക്കല്‍ സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഅലവി മുല്ലക്കോയ തങ്ങളുടെ വംശാവലിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ചരിത്രകാരന്മാര്‍ക്ക് അജ്ഞാതമായിരുന്ന സമ്പൂര്‍ണ വംശാവലിയും ജീവചരിത്രവും പ്രാമാണിക ഗ്രന്ഥങ്ങളുടെ വെളിച്ചത്തില്‍ വിവരിക്കുന്നതാണ് സയ്യിദ് അലി ഹാശിം ബാഅലവി നദ് വി തങ്ങളുടെ പുസ്തകം.
ഹസനാത്ത് പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍. പ്രമുഖ അറബ് പണ്ഡിതനായ ഡോ. സയ്യിദ് അലി മുഹമ്മദ് ഹുസൈന്‍ അല്‍ ഐദ്രൂസി ബാഅലവിയാണ് ഗ്രന്ഥത്തിന് അവതാരിക എഴുതിയത്. രചയിതാവ് സയ്യിദ് അലി ഹാശിം ബാഅലവി നദ് വി തങ്ങള്‍ പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു. പുസ്തക പ്രകാശന ചടങ്ങില്‍ കെ.പി അബൂബക്കര്‍ ഹാജി, ഖാലിദ് ഹാജി കമ്പിൽ, കബീര്‍ കണ്ണാടിപ്പറമ്പ് എന്നിവർ സംസാരിച്ചു. എ.ടി മുസ്തഫ ഹാജി, ഈസ പള്ളിപ്പറമ്പ്, ഒ.പി മൂസാന്‍ ഹാജി, അനസ് ഹുദവി അരിപ്ര, ഉനൈസ് ഹുദവി വെളിമുക്ക്, ഫാറൂഖ് ഹുദവി ഇരിട്ടി, മജീദ് ഹുദവി വെള്ളിലാട്, ഉസൈര്‍ ഖാസിമി, ഹാഫിള് ഔറംഗസീബ്, ഫള്‌ലുറഹ്‌മാന്‍ ചണ്ടയാട്, ജുനൈദ് ചെണ്ടയാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
