കണ്ണൂർ :- തെരുവുകച്ചവടം നടത്താനുള്ള സ്ഥലങ്ങൾ നിശ്ചയിച്ചിരിക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണെന്ന കോർപ്പറേഷൻ സെക്രട്ടറിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ രണ്ടുമാസത്തിനകം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു. പയ്യാമ്പലം ബീച്ച് പരിസരത്ത് റോഡരികിലെ തട്ടുകടകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കോർപ്പറേഷൻ ആരോഗ്യവിഭാഗം കൃത്യമായ പരിശോധനകൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സർവ്വേ നടത്തി തെരുവുകച്ചവടക്കാരുടെ ഉപജീവന സംരക്ഷണ നിയമപ്രകാരം കാർഡ് അനുവദിച്ചിട്ടുള്ളവരെ പുനരധിവസിപ്പിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.പ്രസ്തുത നിയമത്തിന്റെ അടിസ്ഥാനത്തിൽ തെരുവുകച്ചവടക്കാർക്കായി പ്രത്യേക സോൺ നിശ്ചയിച്ച് പുനരധിവസിപ്പിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
ഇത് കോർപ്പറേഷന്റെ നിയമപരമായ ബാധ്യതയാണെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. നിയമം യഥാവിധി നടപ്പാക്കാത്തതു കാരണമാണ് അനധികൃത തെരുവുകച്ചവടം വർധിക്കുന്നതും പഴയ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതെന്നും കമ്മീഷൻ നിരീക്ഷിച്ചു. പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
.jpg)