തിരുവനന്തപുരം :- പൊതു, സ്വകാര്യ നീന്തൽക്കുളങ്ങൾ ഉപയോഗിക്കുന്നതിലൂടെ അമീബിക് മസ്‌തിഷ്‌കജ്വരം പിടിപെടുന്നുണ്ടെന്ന് ആരോഗ്യവകുപ്പ്. നീന്തൽക്കുളങ്ങൾ ഉൾപ്പെടെയുള്ളവ അടിയന്തരമായി ശുചീകരിക്കാൻ ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ.കെ.ജെ റീന ഉത്തരവിട്ടു. റിസോർട്ട്, ഹോട്ടൽ, വാട്ടർ തീം പാർക്ക്, നീന്തൽ പരിശീലന കേന്ദ്രം എന്നിവയുടെ ചുമതലക്കാർ എല്ലാ ദിവസവും ക്ലോറിനേറ്റ് ചെയ്‌ത് ക്ലോറിൻ അളവുകൾ പരിശോധിച്ച് ഉറപ്പാക്കി രെജിസ്‌റ്ററിൽ രേഖപ്പെടുത്തണം. ജല സ്രോതസ്സുകളിലേക്കുള്ള ദ്രവമാലിന്യ കുഴലുകൾ അടിയന്തരമായി അടയ്ക്കണം. ജല സ്രോതസ്സിൽ ഖരമാലിന്യം തള്ളാൻ പാടില്ല.
തിരുവനന്തപുരം കാരോട് സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരം പിടിപെട്ടത് ഡിടിപിസിയുടെ ആക്കുളം ടൂറിസ്‌റ്റ് വില്ലേജിലുള്ള നീന്തൽക്കുളത്തിൽ ഇറങ്ങിയ ശേഷമാണ്. ക്ലോറിനേഷൻ റജിസ്‌റ്റർ തദ്ദേശ സ്‌ഥാപന സെക്രട്ടറിയോ പ്രാദേശിക പബ്ലിക് ഹെൽത്ത് ഓഫിസറോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരെ ആഴ്‌ചയിലൊരിക്കൽ പരിശോധിച്ച് നിരീക്ഷണം ഉറപ്പാക്കണമെന്ന നിർദേശവും പാലിക്കപ്പെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. ക്ലോറിനേഷനുശേഷം വെള്ളത്തിൽ ഒരു ലീറ്ററിൽ 0.5 മില്ലി ഗ്രാം എന്ന അളവിൽ ക്ലോറിനുണ്ടാകണം. ജല അതോറിറ്റി, ജലനിധി തുടങ്ങി എല്ലാ ജലവിതരണ ശൃംഖലകളിലും ഈ അളവിൽ ക്ലോറിൻ നില ഉണ്ടാകണം.
