രഹസ്യവിവരത്തെ തുടർന്ന് പരിശോധന ; പെരുമ്പാമ്പിനെ കൊന്ന് കറിവെച്ചുകഴിച്ച രണ്ടുപേർ പിടിയിൽ


പയ്യന്നൂർ :- പെരുമ്പാമ്പിനെ കൊന്ന് കറിവെച്ചുകഴിച്ച രണ്ടുപേർ പിടിയിൽ. കണ്ണൂർ പാണപ്പുഴയിലാണ് രണ്ടുപേർ ചേർന്ന് പെരുമ്പാമ്പിനെ പിടികൂടി കൊന്ന് കറിവെച്ചുകഴിച്ചത്. മാതമംഗലം പാണപ്പുഴ സ്വദേശികളായ യു പ്രമോദ് (40), സി ബിനീഷ് (37) എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. തളിപ്പറമ്പ് റെയിഞ്ച് ഓഫീസർ പി വി സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

റെയിഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി പ്രദീപൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി പി രാജീവൻ, എം വീണ, ഡ്രൈവർ ആർ കെ രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ 371-ാം നമ്പർ വീട്ടുപരിസരത്ത് വെച്ച് പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമം 2022 ഷെഡ്യൂൾ 1 ൽ പ്പെട്ട പെരുമ്പാമ്പിനെ പിടികൂടുന്നതും കൊല്ലുന്നതും കുറ്റകരമാണ്. പ്രതികളെ ഇന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Previous Post Next Post