കണ്ണൂർ :- ആൾപാർപ്പില്ലാത്ത വീടുകളിലും നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലും സ്ഫോടക വസ്‌തുക്കൾ കണ്ടെത്താൻ നിരന്തരം റെയ്‌ഡുകൾ നടത്തുന്നതായി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. ആൾപാർപ്പില്ലാത്ത സ്‌ഥലങ്ങളിൽ നിന്നു ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കാൻ ബോംബ് ഡിറ്റക്ഷൻ ഉപകരണങ്ങളും സിഫർ നായ്ക്കളുടെ സേവനവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് കമ്മിഷണർ വിശദീകരണം സമർപ്പിച്ചത്.
തലശ്ശേരി എരഞ്ഞോളിയിൽ 2024 ജൂൺ 18ന് ആൾപാർപ്പില്ലാത്ത വീട്ടുപറമ്പിൽ തേങ്ങ പെറുക്കാൻ പോയ വേലായുധൻ (85) സ്‌റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിജനമായ സ്ഥലങ്ങളിൽ തിരച്ചിൽ നടത്താൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. പോലീസ് ക്രിയാത്മക നടപടികൾ സ്വീകരിച്ചു വരുന്ന സാഹചര്യത്തിൽ കമ്മിഷൻ കേസ് തീർപ്പാക്കി. മനുഷ്യാവകാശ പ്രവർത്തകനായ വി.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
