കണ്ണൂർ :- റെയിൽവേ സ്റ്റേഷൻ പരിസരത്ത് തെരുവുനായ 15 പേരെ കടിച്ച സാഹചര്യത്തിൽ അക്രമകാരികളായ നായ്ക്കളെ പിടിക്കാനുള്ള നായ പിടുത്തക്കാരുടെ ഫോൺ നമ്പർ എല്ലാവർക്കും കാണുന്ന തരത്തിൽ പ്രദർശിപ്പിക്കുമെന്ന് കണ്ണൂർ കോർപ്പറേഷൻ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. റെയിൽവേ സ്റ്റേഷനിലും പരിസരത്തും തെരുവുനായ ശല്യം വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കോർപ്പറേഷൻ തലത്തിൽ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച് തെരുവുനായ്ക്കളെ മാറ്റി പാർപ്പിക്കാനും അക്രമകാരികളായ നായ്ക്കളെ കൊണ്ടു പോകാൻ ജില്ലാ പഞ്ചായത്തിന്റെ എ.ബി.സി. പദ്ധതിയുടെ ആംബുലൻസ് ഉപയോഗിക്കാനും തീരുമാനിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. എ.ബി.സി. സെന്റർ മാതൃകയിൽ ഐസൊലേഷൻ സെന്റർ സ്ഥാപിക്കാനുള്ള പദ്ധതിക്ക് രൂപം നൽകാനും അതിന്റെ നിർവ്വഹണ ഉദ്യോഗസ്ഥനായി വെറ്റിനറി ഡോക്ടറെ നിയമിക്കാനും തീരുമാനിച്ചു. നായ്ക്കളെ പിടിക്കാനുള്ള ചിലവിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ മൃഗസംരക്ഷണ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് 15 പേരെ കടിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. പ്രസ്തുത നായയുമായി സമ്പർക്കമുണ്ടായിരുന്ന മറ്റ് നായ്ക്കളെ പിടിക്കാൻ കൂടുകൾ അനുവദിക്കണമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് 2024 നവംബർ 30 ന് കത്ത് നൽകിയെങ്കിലും മറുപടി നൽകിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ഇക്കാര്യത്തിൽ ഒരു താത്ക്കാലിക സംവിധാനം നഗരസഭ ഒരുക്കി.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് ശാസ്ത്രീയ മാലിന്യസംസ്ക്കരണ സംവിധാനമില്ലാത്തതാണ് തെരുവുനായശല്യത്തിനുള്ള കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. മാലിന്യസംസ്ക്കരണത്തിന് റെയിൽവേ മുൻകൈയെടുക്കണമെന്ന് റിപ്പോർട്ടിൽ പറഞ്ഞു. കോർപ്പറേഷൻ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.
