നേപ്പാളിൽ പ്രക്ഷോഭം കത്തിക്കയറുന്നു ; പാർലമെൻ്റ് മന്ദിരത്തിന് തീയിട്ട് പ്രക്ഷോഭകാരികൾ, കെ പി ശർമ ഓലി കാഠ്‌മണ്ഡു വിട്ടു


കാഠ്‌മണ്ഡു :- സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻ സി പ്രക്ഷോഭം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പാർലമെൻ്റ് മന്ദിരത്തിന് തീയിട്ട് പ്രക്ഷോഭകാരികൾ. സമൂഹമാധ്യമ നിരോധനം പിൻവലിച്ചിട്ടും നേപ്പാളിൽ പ്രക്ഷോഭം ആളിപ്പടരുകയാണ്. പ്രധാനമന്ത്രി രാജി വെച്ചൊഴിയണം എന്നായിരുന്നു പ്രക്ഷോഭകാരികളുടെ പ്രധാന ആവശ്യം. തുടർന്ന് ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രി കെ പി ശർമ ഓലി രാജിക്കത്ത് നൽകിയത്. ഓലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. നേപ്പാൾ പാർലമെന്റ് വളപ്പിലേക്ക് പ്രതിഷേധം വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാജിവെച്ച മന്ത്രിമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നീക്കമാണ് സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്. ഇവരുടെ സ്വകാര്യ വസതിയടക്കം പ്രക്ഷോഭകാരികൾ ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. 19 പേരാണ് ജെൻ സി പ്രക്ഷോഭത്തെ തുടർന്ന് മരിച്ചത്. നൂറ് കണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. കാഠ്‌മണ്ഡുവിലെ വിമാനത്താവളം താത്ക്കാലികമായി അടച്ചിരിക്കുകയാണ്. സൈന്യം നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. കെ പി ശർമ ഓലി കാഠ്‌മണ്ഡു വിട്ടുവെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം.

നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിൽ പ്രതികരണവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. സ്ഥിതി നിരീക്ഷിച്ച് വരികയാണെന്നും നേപ്പാളിലുള്ള ഇന്ത്യാക്കാർ ജാഗ്രതയോടെ ഇരിക്കണമെന്നും പ്രതികരിച്ച വിദേശകാര്യ മന്ത്രാലയം പ്രക്ഷോഭത്തിലെ യുവാക്കളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റ പ്രക്ഷോഭകാരികൾ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ പ്രതികരിച്ചു. വിഷയങ്ങൾ ചർച്ചയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

വിനോദയാത്രക്ക് പോയ മലയാളികൾ നേപ്പാളിൽ കുടുങ്ങിയിരിക്കുകയാണ്. കോഴിക്കോട് കൊടുവള്ളി, കൊടിയത്തൂർ, മുക്കം ഭാഗങ്ങളിൽ നിന്ന് പോയ 40 അംഗ സംഘമാണ് കാഠ്‌മണ്ഡുവിന് സമീപം കുടുങ്ങിയത്. സംഘർഷത്തെ തുടർന്ന് റോഡിൽ ടയറുകൾ ഇട്ട് കത്തിച്ചതിനാൽ ഇവരുടെ വാഹനത്തിന് മുന്നോട്ട് പോകാനാകുന്നില്ല. രണ്ട് ദിവസം മുൻപാണ് സംഘം നേപ്പാളിൽ എത്തിയത്. കാഠ്‌മണ്ഡുവിലേക്ക് പോകുന്നതിനിടെയാണ് സംഘർഷത്തെ കുറിച്ച് അറിയുന്നത്. ഗോസാല എന്ന സ്ഥത്താണ് ഇപ്പോൾ ഇവർ ഉള്ളത്. സംഘർഷം രൂക്ഷമായതോടെ യാത്ര പ്രതിസന്ധിയിലായെന്ന് കുടുങ്ങിയ മലയാളികൾ പറഞ്ഞു.

Previous Post Next Post