മാഹിയിലെ ജ്വല്ലറിയിൽ മോതിരം വാങ്ങാനെത്തി സ്വർണ്ണമാലയുമായി മുങ്ങിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു


തലശ്ശേരി :- മാഹിയിലെ ജൂവലറിയിൽ മോതിരം വാങ്ങാനെത്തി സ്വർണ മാലയുമായി മുങ്ങിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപത്തെ മനാസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ധർമടം നടുവിലത്തറ എൻ ആയിഷ (41) ആണ് മാഹി പൊലീസിന്റെ പിടിയിലായത്. ‍മാഹി സെൻ്റ് തെരേസ ബസിലിക്കയ്ക്ക് സമീപത്തെ ശ്രീലക്ഷ്മി ജൂവലറിയിൽ കഴിഞ്ഞ 12-നാണ് സംഭവം നടന്നത്. മോതിരം വാങ്ങാനെന്ന മട്ടിലെത്തിയ യുവതി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൂന്ന് ഗ്രാം തൂക്കമുള്ള സ്വർണമാല കൈയിലാക്കി മുങ്ങുകയായിരുന്നു.

ജൂവലറി ഉടമയുടെ പരാതിയെ തുടർന്ന് കേസെടുത്ത പോലീസ് ജൂവലറിയിലെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ ശാസ്ത്രീയമായി പരിശോധിച്ച ശേഷം നടത്തിയ അന്വേഷണത്തിലാണ് അഴിയൂരിലെ ക്വാർട്ടേഴ്സിൽ നിന്ന് യുവതിയെ പിടികൂടിയത്.കുഞ്ഞിപ്പള്ളിയിലെ ഒരു ജൂവലറിയിൽ വിറ്റ സ്വർണവും പോലീസ് കണ്ടെടുത്തു. മാഹി ഇൻസ്പെക്ടർ പി എ അനിൽ കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ജയശങ്കർ, സ്ക്വാഡ് അംഗങ്ങളായ എസ്ഐ വളവിൽ സുരേഷ്, എ എസ് ഐ സി വി ശ്രീജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മാഹി കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Previous Post Next Post