ജിഎസ്ടി കൗൺസിൽ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി ; ജനങ്ങൾക്ക് ആശ്വാസം എത്തിക്കുകയാണ് പ്രധാനമെന്ന് ധനമന്ത്രാലയം


ദില്ലി :- ജിഎസ്ടി നിരക്കുകൾ രണ്ട് സ്ലാബുകളായി ചുരുക്കാനുള്ള ജിഎസ്ടി കൗൺസിൽ തീരുമാനത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടി കൗൺസിൽ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു. കണക്കുകളുടെ മാത്രം കാര്യമല്ല ജനങ്ങൾക്ക് ആശ്വാസം എത്തിക്കുക എന്നതാണ് പ്രധാനമെന്ന് ധനമന്ത്രാലയവും വ്യക്തമാക്കി. വരുന്ന സാമ്പത്തിക വർഷത്തിൽ കൂടുതൽ വിൽപ്പന ഉണ്ടാകുമെന്ന് കരുതുന്നുവെന്നും ധനമന്ത്രാലയം പറയുന്നു. 5%, 18% എന്നീ രണ്ട് പ്രധാന നികുതി നിരക്കുകളാണ് ഇനിമുതൽ നിലവിലുണ്ടാവുക. സാധാരണക്കാരായ ജനങ്ങളെ മുൻനിർത്തിയുള്ള ഈ മാറ്റങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമനാണ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 22 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

പുതിയ പരിഷ്കരണങ്ങൾ അനുസരിച്ച് നിരവധി നിത്യോപയോഗ സാധനങ്ങൾക്ക് വില കുറയും. ടൂത്ത്പേസ്റ്റ്, സോപ്പ്, ടൂത്ത് ബ്രഷ്, ഹെയർ ഓയിൽ തുടങ്ങിയവ ഇനി 5% ജിഎസ്ടി സ്ലാബിൽ ഉൾപ്പെടും. 2500 രൂപ വരെ വിലയുള്ള വസ്ത്രങ്ങൾക്കും ചെരുപ്പുകൾക്കും നികുതി 5 ശതമാനമായി കുറയും. കൂടാതെ, പനീർ, വെണ്ണ, ചപ്പാത്തി, ജീവൻരക്ഷാ മരുന്നുകൾ എന്നിവയെ ജിഎസ്ടിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി.

പ്രധാന മാറ്റങ്ങൾ

അഞ്ച് ശതമാനം നികുതി: നിത്യോപയോഗ സാധനങ്ങൾ, 2500 രൂപ വരെ വിലയുള്ള വസ്ത്രങ്ങൾ, ഗ്ലൂക്കോ മീറ്റർ, കണ്ണാടി, സോളാർ പാനലുകൾ എന്നിവ ഈ സ്ലാബിൽ വരും. പതിനെട്ട് ശതമാനം നികുതി: ടി.വി., സിമന്റ്, മാർബിൾ, ഗ്രാനൈറ്റ്, ഓട്ടോ പാർട്സ്, മൂന്ന് ചക്ര വാഹനങ്ങൾ, രാസവളം, കീടനാശിനികൾ എന്നിവയ്ക്ക് 18% നികുതിയായിരിക്കും. 350 സി.സി.യിൽ താഴെയുള്ള ചെറിയ കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും നികുതി 28-ൽ നിന്ന് 18 ശതമാനമായി കുറയും.

40 ശതമാനം നികുതി: ആഡംബര കാറുകൾ, സ്വകാര്യ വിമാനങ്ങൾ, വലിയ കാറുകൾ, ഇടത്തരം കാറുകൾ എന്നിവയ്ക്ക് 40% ജിഎസ്ടി ചുമത്തും.

വ്യക്തിഗത ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് എന്നിവയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി. പാൻ മസാല, സിഗരറ്റ് എന്നിവയുടെ വില കൂടും. ഇവയ്ക്കുള്ള നഷ്ടപരിഹാര സെസ്സ് തത്കാലം തുടരും. നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

Previous Post Next Post