ഭാഗ്യശാലിയെ അറിയാൻ മണിക്കൂറുകൾ മാത്രം ; തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നാളെ



തിരുവനന്തപുരം :- കേരള ഭാഗ്യക്കുറി വകുപ്പിന്‍റെ തിരുവോണം ബംപര്‍ നറുക്കെടുപ്പ് ശനിയാഴ്ച നടക്കും. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന പ്രത്യേക ചടങ്ങില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം നിര്‍വഹിക്കും. ഈ വർഷത്തെ തിരുവോണം ബംപറിനായി അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞു. പൊതുജനങ്ങള്‍ക്കു നറുക്കെടുപ്പ് നടക്കുന്ന ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടുവരെ ടിക്കറ്റുകള്‍ വാങ്ങാം.

പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14,07,100 ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തൃശൂര്‍ ജില്ല 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ക്കു വിറ്റുകഴിഞ്ഞു കഴിഞ്ഞവർഷം 71.40 ലക്ഷം തിരുവോണം ബംപര്‍ ടിക്കറ്റുകളാണ് വില്പന നടന്നത്. ഇത്തവണയും ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്ബരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്ബരകള്‍ക്കും നല്‍കുന്നു എന്നതാണ് തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കും.

Previous Post Next Post