കണ്ണൂർ :- സെൻട്രൽ മാർക്കറ്റ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന മത്സ്യമാർക്കറ്റിന്റെ ടാങ്ക് കോർപ്പറേഷന്റെ ട്രീറ്റ്മെന്റ് പ്ലാന്റുമായി ബന്ധിപ്പി ക്കുമെന്ന് കണ്ണൂർ കോർപ്പറേഷൻ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മത്സ്യമാർക്കറ്റിന്റെ മലിനീകരണ ടാങ്ക് നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്നുവെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
മലിനീകരണ ടാങ്ക് നിറഞ്ഞ് പുറത്തേക്ക് ഒഴുകിയതിനെ തുടർന്ന് സ്ലാബ് എടുത്തുമാറ്റി മലിനജലവും മാലിന്യങ്ങളും നീക്കം ചെയ്തതായി സെക്രട്ടറി അറിയിച്ചു. മലിനജലം പമ്പ് ചെയ്തപ്പോൾ മോട്ടോർ കേടായതുകാരണം മനുഷ്യപ്രയത്നത്തിൽ കോരി മാറ്റേണ്ടി വന്നു. ടാങ്കിൽ 80 ശതമാനം മത്സ്യ മാലിന്യമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. പാറ പോലെഉറച്ച നിലയിലായിരുന്ന മാലിന്യം കിളച്ച് മാറ്റിയിട്ടുണ്ട്. തുടർന്ന് മലിനജല ടാങ്ക് കോർപ്പറേഷന്റെ ട്രീറ്റ്മെന്റ് പ്ലാന്റുമായി ബന്ധപ്പിക്കാനുള്ള നടപടികൾ നടന്നു വരുന്നതായും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
