കണ്ണൂർ :- താഴെത്തട്ടിൽ പൊതുജനാരോഗ്യവിവരങ്ങൾ ശേഖരിക്കാനും ക്രോഡീകരിക്കാനും പുനരുപയോഗിക്കാനുമായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ വരുന്നു. ജനകീയ ആരോഗ്യകേന്ദ്രം ആപ്ലിക്കേഷൻ (ജാക്ക്) എന്നാണ് ഫീൽഡ്തല ആപ്ലിക്കേഷന്റെ പേര്. ഓരോ ജനകീയ ആരോഗ്യ കേന്ദ്രം തലത്തിലും ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും ആരോഗ്യവിവരങ്ങൾ ഉൾപ്പെടുത്തി ഫാമിലി ഹെൽത്ത് രജിസ്ട്രി തയ്യാറാക്കുമെന്നതാണ് സവിശേഷത. ഭാവിയിൽ എല്ലാ ആരോഗ്യസേവനങ്ങളുടെയും വിശദാംശങ്ങൾ ഇതിൽ ലഭ്യമാവും. രേഖപ്പെടുത്തുന്ന ഡേറ്റകളെല്ലാം സംസ്ഥാന, കേന്ദ്ര ആരോഗ്യ പോർട്ടലുകൾക്കും ലഭ്യമാവും. ഇ-ഹെൽത്ത് പദ്ധതി പ്രകാരം ആരോഗ്യ-കുടുംബ ക്ഷേമവകുപ്പാണ് നടപ്പാക്കുന്നത്.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, മിഡിൽ ലെവൽ സർവീസ് പ്രൊവൈഡർ എന്നിവരാണ് വിവരങ്ങൾ രേഖപ്പെടുത്തുക. നിശ്ചിത വാർഡുകൾ ഉൾപ്പെടുത്തിയ ആശ ബ്ലോക്കുകളിലാണിവർ പ്രവർത്തിക്കുക.
വീടുകളുടെ സ്ഥലം ഉൾപ്പടെ രേഖപ്പെടുത്തി സമഗ്ര മാപ്പിങ് നടക്കും. പ്രദേശത്തെ വീടുകൾ, അംഗങ്ങൾ എന്നിവരുടെ സർവേയാണ് ആദ്യഘട്ടത്തിൽ നടത്തുക. വീടിൻ്റെ കുടിവെള്ള ലഭ്യത, മാലിന്യനിർ മാർജനരീതി ഉൾപ്പടെയുള്ളവ രേഖപ്പെടുത്തും. ഒപ്പം വ്യക്തികളുടെ മുഴുവൻ ആരോഗ്യവിവരങ്ങളും രോഗവിവരങ്ങളും ഉണ്ടാവും.
വീടുകളിലെത്തി മുഴുവൻ ആളുകളെയും പ്രമേഹം, അമിത രക്തസമ്മർദം പോലുള്ളവ ഉണ്ടോ എന്നറിയാൻ സ്ക്രീൻ ചെയ്യും. ചികിത്സ തേടുന്നവർക്ക് തുടർ നിരീക്ഷണവും ഉണ്ടാകും. ഇതിനായി ഒടിപി സംവിനം വഴി മുൻകൂട്ടി അറിയിക്കും. രോഗം നിയന്ത്രണത്തിലാണോ എന്ന് മനസ്സിലാക്കാൻ ഇത് സഹായിക്കും. സ്വകാര്യചികിത്സ തേടുന്നവരും നിരീക്ഷണത്തിലുണ്ടാകും എന്ന വ്യത്യാസവുമുണ്ട്.
സബ് സെന്റർ തലത്തിൽ തന്നെ പകർച്ചവ്യാധി നിരീക്ഷണവും നടക്കും. രോഗലക്ഷണങ്ങൾ ഉള്ളവരുടെ വിവരങ്ങൾ രേഖപ്പെടുത്തും. അതിനാൽ ഒരു പ്രദേശത്ത് പ്രത്യേക രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ സബ് സെൻ്റർ മുതൽ വിവിധ തട്ടുകളിൽ ശ്രദ്ധയിൽ വരും.
.jpg)