കൊച്ചി :- ഓപ്പറേഷൻ നുംഖോറിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും. പരിശോധന തുടങ്ങിയപ്പോൾ തന്നെ വിദേശത്തുനിന്നെത്തിച്ച വാഹനങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റിയെന്ന നിഗമനത്തിലാണ് കസ്റ്റംസ്. അന്വേഷണത്തിന് തമിഴ്നാട്, കർണാടക പോലീസിന്‍റെ സഹായം തേടും. ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് കേരളത്തിൽ എത്തിച്ചത് 200 ഓളം വാഹനങ്ങളെന്നാണ് കസ്റ്റംസിന്‍റെ നിഗമനം. എന്നാൽ, 39 വാഹനങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. അന്വേഷിച്ചുചെന്ന പലയിടത്തും കസ്റ്റംസ് സംഘത്തിന് വാഹനം കണ്ടെത്താനായില്ല. ഇതോടെയാണ് അന്വേഷണം ബെംഗളുരൂവിലേക്കും ചെന്നൈയിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനം.
ദുൽഖർ സൽമാന്‍റെ ശേഖരത്തിൽ വിദേശത്തു നിന്നെത്തിച്ച കൂടുതൽ വാഹനങ്ങൾ ഉണ്ടോയെന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ദുൽഖർ നൽകിയ ഹർജിയിൽ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. കസ്റ്റംസിന്‍റെ ഓപ്പറേഷൻ നുംഖോർ ഒരു വർഷം മുൻപ് തന്നെ തുടങ്ങിയതിന്‍റെ രേഖകളും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വിദേശത്തുനിന്ന് നിയമംലംഘിച്ചെത്തിക്കുന്ന വാഹനങ്ങളെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയത് കോയമ്പത്തൂർ സംഘത്തിലായിരുന്നു.
2024 ജൂണിൽ ഇത്തരം 10വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചത്. ആറ് ലാൻഡ് ക്രൂയിസറുകളും നാല് ലാൻഡ് റോവർ വാഹനങ്ങളുമാണ് അന്ന് പിടിച്ചെടുത്തത്. വാഹനങ്ങൾ എത്തിച്ചത് മധുക്കരയിലെ ഷൈൻ മോട്ടോർസാണെന്ന് കസ്റ്റംസ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം കുണ്ടന്നൂരിൽ പിടിച്ച ലാൻഡ്ക്രൂയിസർ മാഹിൻ അൻസാരിക്ക് വിറ്റത് ദില്ലി ലോബിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവരിലേക്കുള്ള സൂചനകൾ മാഹിൻ സമർപ്പിച്ച രേഖകളിൽ നിന്ന് ലഭിച്ചു. കൂടുതൽ വ്യക്തതയ്ക്കായി വീണ്ടും ഹാജരാകാൻ മാഹിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
