തിരുവനന്തപുരം :- തിരുവനന്തപുരം കുന്നത്തുകാലിൽ തെങ്ങ് വീണ് തൊഴിലുറപ്പ് തൊഴിലാളികളായ രണ്ടു സ്ത്രീകൾ മരിച്ചു. കുന്നത്തുകാൽ ചാവടി സ്വദേശികളായ വസന്ത കുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്. ഇവരെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. ജോലിക്കിടെ പാലത്തിന് ചുവട്ടിൽ വിശ്രമിക്കാനിരുന്നതായിരുന്നു തൊഴിലാളികൾ. ഇതിനിടെ പാലത്തിന് മുകളിലേക്ക് തെങ്ങ് വീഴുകയും, പിന്നാലെ പാലവും തെങ്ങും തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയുമായിരുന്നു.
