വിഴിഞ്ഞത്ത് നിന്നും കാണാതായ പെൺകുട്ടി വിമാനത്തിൽ കയറി ദില്ലിയിലെത്തി ; വിമാന ടിക്കറ്റ് കിട്ടിയതെങ്ങനെയെന്ന് അന്വേഷിക്കും


തിരുവനന്തപുരം :- വിഴിഞ്ഞത്ത് നിന്നും കഴിഞ്ഞ ദിവസം രാവിലെ കാണാതായ 13കാരി വിമാനം കയറി ദില്ലിയിലെത്തി. ദില്ലിയിൽ തടഞ്ഞുവച്ച പെൺകുട്ടിയെ തിരികെ എത്തിക്കാൻ വിഴിഞ്ഞം പൊലീസ് വിമാനം കയറി. വിഴിഞ്ഞത്ത് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് വിമാനം കയറി ദില്ലിയിൽ എത്തിയത്. രാവിലെ 7 മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുകൾ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ  പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിൽ കുട്ടി കയറിയ ഓട്ടോയുടെ ഡ്രൈവറെ കണ്ടെത്തി. 

ഇയാൾ പറഞ്ഞതനുസരിച്ച് തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ടപ്പോൾ കുട്ടി ദില്ലിയിലേക്ക് വിമാനം കയറിയതായി പൊലീസിന് വിവരം ലഭിച്ചു. ഇതിനെ തുടർന്ന് ദില്ലി വിമാനത്താവള സുരക്ഷാ സേനയ്ക്ക് സിറ്റി പൊലീസ് കമ്മിഷണർ വിവരം കൈമാറി. ഉച്ചയ്ക്ക് ഒരു മണിയോടെ വിമാനം ഇറങ്ങിയ ഉടൻ കുട്ടിയെ ദില്ലിയിൽ തടഞ്ഞു വയ്ക്കുകയുമായിരുന്നു. കുട്ടിയെ പൊലീസ് ഇന്ന് തിരികെ വിഴിഞ്ഞത്ത് എത്തിക്കും. കുട്ടിയ്ക്ക് വിമാന ടിക്കറ്റ് എങ്ങനെ കിട്ടി എന്നത് ഉൾപ്പെടെ അന്വേഷിക്കുമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു

Previous Post Next Post