കൊച്ചി :- കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ ബെനാമി കമ്പനി രൂപീകരിച്ച് ഇടപാടുകൾ നടത്തിയെന്ന പരാതിയിൽ തുടർനടപടി സംബന്ധിച്ചു രണ്ടു മാസത്തിനകം സർക്കാർ തീരുമാനമെടുക്കണമെന്നു ഹൈക്കോടതി. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കരാർ ജോലികൾ ബെനാമി കമ്പനിക്കു നൽകി നേട്ടം ഉണ്ടാക്കിയെന്ന് ആരോപിച്ചു വിജിലൻസിനു പരാതി നൽകിയിട്ടും നടപടിയില്ലെന്നു ചൂ ണ്ടിക്കാട്ടി കെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് നൽകിയ ഹർജി തീർപ്പാക്കിയാണു ജസ്റ്റിസ് എ.ബദറുദ്ദീൻ്റെ ഉത്തരവ്.
സീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (സിൽക്), നിർമിതി കേന്ദ്ര എന്നീ സ്ഥാപനങ്ങൾക്ക് അനുവദിച്ച വിവിധ പദ്ധതികൾ കരാർ പോലുമില്ലാതെ ബെനാമി കമ്പനിക്കു കൈമാറിയെന്നാണു ഹർജിക്കാരന്റെ ആക്ഷേപം. സ്ത്രീകൾക്കു താമസ സൗകര്യമൊരുക്കാനുള്ള പദ്ധതിക്കു വേണ്ടി സ്‌ഥലം വാങ്ങിയതിലും അഴിമതിയുണ്ട്. ഫെബ്രുവരി 21നു വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയെന്നും അറിയിച്ചു. പരാതി ജൂലൈ 8ന് ആഭ്യന്തര സെക്രട്ടറിക്കു കൈമാറിയെന്നും നടപടിയുടെ കാര്യത്തിൽ മറുപടി കാത്തിരിക്കുകയാണെന്നും വിജിലൻസ് വിശദീകരിച്ചു.
