മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെയും സർവീസുകളുടെയും എണ്ണത്തിൽ വർധന. 2024-25 സാമ്പത്തിക വർഷത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ മുൻവർഷത്തെക്കാൾ 14 ശതമാനവും ചരക്കുനീക്കത്തിൽ 25 ശതമാനവും വർധനയുണ്ടായി. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 27 ശതമാനം വർധിച്ചു. 13.4 ലക്ഷം യാത്രക്കാരും 11,430 സർവീസുകളുമാണ് 2024-25 സാമ്പത്തിക വർഷത്തിൽ കണ്ണൂർ വിമാനത്താവളത്തിലുണ്ടായത്. 4150 മെട്രിക് ടൺ ചരക്കും കയറ്റിയയച്ചു. വരുമാനത്തിൽ 92 ശതമാനം വർധനയാണ് ഉണ്ടായത്. 195 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം.
2025-26 സാമ്പത്തിക വർഷത്തിൽ 20 ലക്ഷം യാത്രക്കാരും 250 കോടി രൂപയുടെ വരുമാനവുമാണ് കിയാൽ ലക്ഷ്യം വെക്കുന്നത്. ഈ വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വർധനയുണ്ടായിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണൽ സംഘടിപ്പിച്ച എയർപോർട്ട് സർവീസ് ക്വാളിറ്റി സർവേയിൽ മികച്ച വിമാനത്താവളമായി കണ്ണൂർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
