പോലീസ് സ്റ്റേഷനുകളിലെ CCTV ക്യാമറകളുടെ നിരീക്ഷണത്തിന് പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കണമെന്ന് സുപ്രീംകോടതി


ന്യൂഡൽഹി :- പോലീസ് സ്റ്റേഷനുകളിലെ ക്രൂരത കേരളത്തിൽ ചർച്ചയാകുന്നതിനിടെ, സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകളുടെ ഫീഡുകൾ പൊതുവായി നിരീക്ഷിക്കുന്നതിനും മനുഷ്യ ഇടപെടൽ ഒഴിവാക്കുന്നതിനുമായി പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കുന്നതിനെക്കുറിച്ച് സുപ്രീംകോടതി സൂചിപ്പിച്ചു. സ്‌റ്റേഷനുകളിൽ പ്രവർത്തനക്ഷമമായ സിസിടിവികളുടെ അഭാവം സംബന്ധിച്ചു സ്വമേധയാ പരിഗണിക്കുന്ന കേസ് വിധി പറയാൻ മാറ്റിക്കൊണ്ടാണിത്. 26നു വിധി പറയുമെന്നു ജഡ്ജിമാരായ വിക്രംനാഥും സന്ദീപ് മേത്തയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

എല്ലാ സിസിടിവികളുടെയും ഫീഡ് ഒന്നിച്ച് കൺട്രോൾ റൂമിലെത്തുന്ന സംവിധാനമാണ് ആലോചനയിൽ. ഏതെങ്കിലും ക്യാമറ ഓഫായാൽ മേൽനോട്ട ഏജൻസിക്കു മുന്നറിയിപ്പു ലഭിക്കും. സോഫ്റ്റ്വെയർ നൽകാൻ ഐഐടിയോട് ആവശ്യപ്പെട്ടേക്കാം. പൂർണമായും എഐ സഹായത്തോടെയുള്ള നിയന്ത്രണമായിരിക്കും ഇത്. നിലവിലെ സാഹചര്യം മനസ്സിലാക്കാൻ സ്വതന്ത്ര ഏജൻസിയെക്കൊണ്ട് എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും പരിശോധന നടത്തുന്നതുൾപ്പെടെ കാര്യങ്ങളും പരിഗണനയിലുണ്ടെന്നു കോടതി സൂചിപ്പിച്ചു. പലയിടത്തും സിസിടിവികൾ ഉണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ താൽപര്യമനുസരിച്ച് ഓഫാക്കി ഇടുന്നതും കോടതി ചൂണ്ടിക്കാട്ടി.

Previous Post Next Post