കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി - അരിമ്പ്ര റോഡ് ജംഗ്ഷന് സമീപം ഇടതുവശത്ത് സ്ഥാപിച്ചിട്ടുള്ള വലിയ സൈൻബോർഡ് അരിമ്പ്ര റോഡിൽ നിന്നും കരിങ്കൽക്കുഴി ഭാഗത്തേക്ക് മെയിൻ റോഡിലേക്ക് കയറുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുകയും അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.
ബോർഡിന് സമീപത്തായി വലിയ തോതിൽ കാട് വളർന്നു നിൽക്കുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. കാൽനടയാത്രക്കാർക്ക് നടന്നുപോകാൻ ഇടമില്ലാത്ത സ്ഥിതിയുണ്ട്. ഈ സ്ഥലത്ത് അപകടങ്ങൾ പതിവാകുകയാണ്. കഴിഞ്ഞ ദിവസം രാവിലെ പിക്കപ്പ് കാറിലിടിച്ച് അപകടം സംഭവിച്ചു. കഴിഞ്ഞയാഴ്ച ഓക്സിജൻ സിലിണ്ടർ കയറ്റി വരുകയായിരുന്ന പിക്കപ്പും അപകടത്തിൽപ്പെട്ടിരുന്നു.
അപകടാവസ്ഥ കണക്കിലെടുത്ത് മയ്യിൽ -പുതിയതെരു - പറശ്ശിനിക്കടവ് ഭാഗങ്ങളിലേക്ക് നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ തിരക്കേറിയ ജംഗ്ഷനിൽ റോഡ് സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും അസ്ഥാനത്തുള്ള സൈൻബോർഡ് മാറ്റി ശാസ്ത്രീയമായി സ്ഥാപിക്കണമെന്നും സിപിഐഎം കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിഡബ്ല്യുഡി അധികൃതരോട് ആവശ്യപ്പെട്ടു.
