നിരക്കുവർധന ഉടൻ ഇല്ല, KSEB നഷ്ടക്കണക്ക് പുനഃപരിശോധനയ്ക്കൊരുങ്ങി റെഗുലേറ്ററി കമ്മിഷൻ


തിരുവനന്തപുരം :- കെഎസ്ഇബിയുടെ നഷ്ടം നികത്തുന്നതിന് ഉടൻ നിരക്കുവർധനയിലേക്ക് കടക്കാതെ റെഗുലേറ്ററി കമ്മിഷൻ. നഷ്ടക്കണക്ക് പുനഃപരിശോധിക്കണം. അതിനുശേഷം അതുനികത്തുന്നതിനുള്ള നിർദേശം കെഎസ്‌ഇബി നൽകണം. അതിൻമേൽമാത്രം തീരുമാനമെടുത്താൽ മതിയെന്നാണ് കമ്മിഷൻ്റെ സമീപനമെന്ന് കമ്മിഷൻ കേന്ദ്ര ഇലക്ട്രിസിറ്റി അപ്പലേറ്റ് ട്രിബ്യൂണലിനെ (ആൽ) അറിയിച്ചു.നഷ്ടം നികത്താൻ കാലതാമസം തേടിക്കൊണ്ടുള്ള കമ്മിഷൻ്റെ സത്യവാങ്മൂലം അടുത്തിടെ ട്രിബ്യൂണൽ തള്ളിയിരുന്നു. പകരം നഷ്ടം നികത്തുന്നതിനുള്ള സമയക്രമം ഉൾപ്പെടെ വ്യക്തമാക്കി രൂപരേഖ ഉടൻ നൽകാനാണ് നിർദേശിച്ചത്. ഇത് കമ്മിഷൻ സമർപ്പിച്ചിട്ടുണ്ട്. ഇതിലാണ് നഷ്ടം ഉടൻ നികത്താനാവില്ലെന്ന് വ്യക്തമാക്കിയത്.

നേരത്തേയുള്ള കണക്കനുസരിച്ച് 6645 കോടി രൂപയാണ് കെഎസ്ഇബിക്ക് നികത്തി നൽകാനുള്ള നഷ്ടം അഥവാ റെഗുലേറ്ററി അസറ്റ്. എന്നാൽ, പിന്നീടുള്ള സാഹചര്യങ്ങൾകൂടി വിലയിരുത്തിയാലേ യഥാർഥ നഷ്ടം കണക്കാക്കാനാവൂ. 2024-25-ലെ കണക്കുകൾ പുനഃപരിശോധിക്കാൻ കെഎസ്ഇബി അപേക്ഷ നൽകിയിട്ടുണ്ട്. ഇതിൽ നടപടികൾ വേഗത്തിലാക്കും. നഷ്ടം കണക്കാക്കിയശേഷം നാലുവർഷത്തേക്കുള്ള നിരക്കുവർധന തീരുമാനിച്ചിട്ടുണ്ട്. അതുകൂടി കണക്കിലെടുക്കണം. എന്നിട്ടും ബാക്കിനിൽക്കുന്ന നഷ്ടം എങ്ങനെ നികത്തണമെന്ന് കെഎസ്ഇബി അറിയിക്കണം. അതനുസരിച്ചേ തീരുമാനമെടുക്കാനാവൂ എന്നാണ് റെഗുലേറ്ററി കമ്മിഷൻ അറിയിച്ചത്.

ഈ നിലപാട് ട്രിബ്യൂണൽ സ്വീകരിക്കുമോ എന്നത് വ്യക്തമല്ല. വൈദ്യുതി വിതരണക്കമ്പനികളുടെ നഷ്ടം 2028-നു മുൻപ് നികത്തിനൽകണമെന്ന സുപ്രീംകോടതി വിധിയിൽ വ്യക്തതതേടിയും 2031 വരെ സാവകാശം ആവശ്യപ്പെട്ടും കേരളത്തിലെയും ഡൽഹിയിലെയും റെഗുലേറ്ററി കമ്മിഷനുകൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

Previous Post Next Post