മുംബൈ :- ഇന്ത്യയിൽ നിന്ന് വിദേശത്തേക്കു പണമയക്കുന്നത് കുറയുന്നു. ജൂലായിൽ റിസർവ് ബാങ്കിന്റെ ലിബറലൈസ്‌ഡ് റെമിറ്റൻസ് സ്ലീം (എൽആർഎസ്) വഴി വിദേശത്തേക്കു പണമയക്കുന്നതിൽ മുൻവർഷത്തെ അപേക്ഷിച്ച് 10.9 ശതമാനം ഇടിവുണ്ടായെന്നാണ് കണക്ക്. 245 കോടി ഡോളറാണ് (ഏകദേശം 21,728 കോടി രൂപ) ജൂലായിൽ ഇന്ത്യക്കാർ വിദേശത്തേക്ക് അയച്ചത്.
ബുധനാഴ്ച ആർബിഐ പുറത്തുവിട്ട കണക്കുകൾ പ്രകാരം എൽആർഎസ് വഴി 2025 ജൂലായിൽ 140 കോടി ഡോളറാണ് വിദേശയാത്രകൾക്കായി ഇന്ത്യക്കാർ ചെലവിട്ടത്. 2024 ജൂലായിലിത് 160 കോടി ഡോളറായിരുന്നു. 13 ശതമാനമാണ് കുറവ്. വിദേശ പഠനത്തിനുള്ള ചെലവ് മുൻവർഷത്തെ 27 കോടി ഡോളറിൽ നിന്ന് 22 കോടി ഡോളറായും കുറഞ്ഞു. 16 ശതമാനം ഇടിവ്. സാധാരണയായി ഈ രണ്ടു വിഭാഗത്തിലുമായി ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് കൂടുതൽ തുക വിദേശത്തേക്ക് അയക്കാറുള്ളത്. പാശ്ചാത്യരാജ്യങ്ങളിൽ ഉന്നതപഠനത്തിനായി പോകുന്നതിൽ താത്പര്യം കുറയുന്നതാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തൽ.
ഏപ്രിൽ-ജൂലായ് കാലയളവിൽ വിദേശത്തേക്ക് ആകെ 690 കോടി ഡോളറാണ് (61,260 കോടി രൂപ) ഇന്ത്യയിൽ നിന്ന് അയച്ചത്. 2024 ഏപ്രിൽ-ജൂലായ് കാലയളവിനെ അപേക്ഷിച്ച് 28 ശതമാനം കുറവാണിത്. ഇക്കാലത്ത് യാത്രയ്ക്കായി അയക്കുന്നതിൽ 29 ശതമാനത്തിൻ്റെയും വിദേശ വിദ്യാഭ്യാസത്തിനായുള്ളതിൽ 44 ശതമാനത്തിന്റെയും കുറവുണ്ടായതായും കണക്കുകൾ സൂചിപ്പിക്കുന്നു. 2019-നുശേഷം ആദ്യമായാണ് വിദേശത്തേക്കു പണമയക്കുന്നതിൽ കുറവുണ്ടാകുന്നതെന്നും വിശകലന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
