ബേങ്കുകളിലെ അനാഥ നിക്ഷേപങ്ങൾ ഉടമകൾക്കോ അവകാശികൾക്കോ മടക്കി നൽകണമെന്ന് RBI


മുംബൈ :- ബാങ്കുകളിൽ അനാഥമായിക്കിടക്കുന്ന നിക്ഷേപങ്ങൾ എത്രയും വേഗം ഉടമകൾക്കോ അവകാശികൾക്കോ മടക്കിനൽകുന്നതിന് നടപടിയെടുക്കണമെന്ന് ബാങ്കുകളോട് നിർദേശിച്ച് റിസർവ് ബാങ്ക്. അടുത്ത മൂന്നുമാസം കൊണ്ട് പരമാവധിപേർക്ക് മടക്കിനൽകാൻ ശ്രമിക്കണമെന്നാണ് ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പത്തുവർഷമായി ഉപയോഗിക്കാതെ കിടക്കുന്ന സേവിങ്സ്, കറന്റ് അക്കൗണ്ടുകളിലെ തുക, കാലാവധി കഴിഞ്ഞിട്ടും പത്തുവർഷമായി പിൻവലിക്കാതെ കിടക്കുന്ന സ്ഥിരനിക്ഷേപങ്ങൾ എന്നിവയാണ് അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപമായി കണക്കാക്കുന്നത്. ഈ തുക ബാങ്കുകൾ റിസർവ് ബാങ്കിൻ്റെ നിക്ഷേപക ബോധവത്കരണ ഫണ്ടിലേക്കു മാറ്റുകയാണ്പതിവ്. എങ്കിലും നിക്ഷേപകർ അവകാശമുന്നയിച്ച് എത്തിയാൽ ഈ തുക പലിശസഹിതം മടക്കിനൽകും.

അടുത്തിടെനടന്ന സാമ്പത്തിക സുസ്ഥിരത-വികസന കൗൺസിൽ യോഗത്തോടനുബന്ധിച്ച് ബാങ്കുകൾക്കു നൽകിയ അറിയിപ്പിലാണ് ഇത്തരമൊരു നിർദേശം ആർബിഐ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിനായി ജില്ലാ അടിസ്ഥാനത്തിൽ ബാങ്കുകളുടെ സംയുക്ത ക്യാമ്പുകൾ സംഘടിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. ഒക്ടോബർ ആദ്യം ഗുജറാത്തിലായിരിക്കും ആദ്യ ക്യാമ്പ്. ഡിസംബർ വരെ പലയിടത്തായി ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കും. സംസ്ഥാനതല ബാങ്കേസ് സമിതിക്കാകും ഇതിന്റെ പ്രാഥമിക ചുമതല. അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തിൽ തയ്യാറാക്കിയാകും ക്യാമ്പ് സംഘടിപ്പിക്കുക. 

ജൂലായിൽ പാർലമെൻ്റിൽ നൽകിയ രേഖകൾ പ്രകാരം രാജ്യത്തെ ബാങ്കുകളിൽ 67,003 കോടി രൂപയോളം അവകാശികളില്ലാതെ കിടക്കുന്നതായാണ് കണക്ക്. സ്വകാര്യ ബാങ്കുകളിലേതുൾപ്പെടെയാണിത്. പല അക്കൗണ്ടുകളുള്ളവർ ചിലത് ഉപയോഗിക്കാതെ കിടക്കുകയോ ഇതേക്കുറിച്ച് മറന്നുപോകുകയോ ചെയ്യുന്നതും ഇത്തരത്തിൽ അവകാശി കളില്ലാത്ത പണം കുമിഞ്ഞുകൂടാൻ കാരണമാകുന്നതായി ബാങ്ക് വൃത്തങ്ങൾ സൂചിപ്പിച്ചു. ആർബിഐ തയ്യാറാക്കിയ ഉദ്ഗം പോർട്ടൽ വഴി അവകാശികളില്ലാത്ത അക്കൗണ്ടുകളെക്കുറിച്ച് നിക്ഷേപകർക്കും അക്കൗണ്ട് ഉടമകൾക്കും പരിശോധിക്കാൻ സൗകര്യമുണ്ട്. 2024 മാർച്ചു വരെ 30 ബാങ്കുകൾ ഈ പോർട്ടലിൻ്റെ ഭാഗമാണ്.

Previous Post Next Post