കമ്പിൽ :- കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ പരിസരങ്ങളിലെ ബസ് സ്റ്റോപ്പുകളിൽ ചില ബസുകൾ നിർത്താത്തതിനെ തുടർന്ന് വിദ്യാർത്ഥികൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ബസ്സുകൾ കിട്ടാതെ വിദ്യാർഥികൾ വൈകുന്നേരം സ്കൂൾ വിട്ടാൽ ഏറെ വൈകിയാണ് വീടുകളിൽ എത്തുന്നത്. വിദ്യാർഥികളിൽ നിന്നും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ MSF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നേരിട്ട് ബസ് സ്റ്റോപ്പ് കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും ചെയ്തിരുന്നു.
നിർത്താതെ പോകുന്ന ബസ്സുകളുടെ ലിസ്റ്റ് ക്രോഡീകരിച്ച് MSF തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി ആരിഫ് പാമ്പുരുത്തി, പഞ്ചായത്ത് പ്രസിഡണ്ട് റാസിം പാട്ടയം, ജനറൽ സെക്രട്ടറി ഹാദി ദാലിൽ, ട്രഷറർ സാലിം പി.ടി.പി എന്നിവർ മയ്യിൽ പോലീസ് സ്റ്റേഷൻ SHO യ്ക്ക് പരാതി നൽകിയിട്ടുണ്ട്. സ്റ്റോപ്പുകളിൽ നിർത്താത്ത ബസ്സുകൾക്കെതിരെ ഫൈൻ ഉൾപ്പെടെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മയ്യിൽ SHO ഉറപ്പു നൽകിയിട്ടുണ്ട്.
